കൊച്ചി: 300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയും വരെ സിപിഎം നേതാക്കളാരും ചോദ്യംചെയ്യലിനു ഹാജരാകില്ല. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്‍പാകെ ഇന്നലെ ഹാജരാകേണ്ടിയിരുന്ന സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് അന്വേഷണ സംഘത്തെ അസൗകര്യം അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായതിനാല്‍ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ തിരക്കുണ്ടെന്നാണു വര്‍ഗീസ് ഇന്നലെ ഇമെയിലില്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. തെരഞ്ഞെടുപ്പു നടക്കുന്ന 26 വരെ ഹാജരാവാന്‍ ബുദ്ധിമുട്ടുണ്ടെന്നും വര്‍ഗീസ് അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ അധ്യക്ഷനുമായ മുന്‍ എംപി പി.കെ. ബിജുവിനോട് ഇന്നു ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ അന്വേഷണ കമ്മിഷന്‍ അംഗം പി.കെ. ഷാജനോടു നാളെയാണ് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തിരക്ക് കാരണമായി പറഞ്ഞ് ഷാജനും ഇ.ഡിക്ക് മുന്നിലേക്ക് പോകില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്യുന്ന രീതിയുള്ള ഇ.ഡിയുടെ മുന്നിലേക്ക് തെരഞ്ഞെടുപ്പ് കാലത്ത് ചെന്നുപെട്ടാല്‍ സംഭവിക്കാന്‍ പോകുന്ന അശുഭകരമായ കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഇ.ഡിയെ അവഗണിച്ച് മുന്നോട്ടുപോകാനുള്ള സിപിഎം നേതാക്കളുടെ തീരുമാനത്തിന് പിന്നില്‍.