തെരഞ്ഞെടുപ്പ് കമ്മിഷനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടികള്‍
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷിനെ (ഇവിഎം)തിരെയും ഇലക്ഷന്‍ കമ്മിഷനെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് കേരള പോലീസ്. സംസ്ഥാന പോലീസിന്റെ സോഷ്യല്‍മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേര്‍ക്കെതിരെയുള്ള പരാതി ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയിരിക്കുന്നതും.
36 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി 171 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇവിഎമ്മിനെതിരെയും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയും സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ ഒതുക്കുകയാണ് പോലീസ് നടപടികളുടെ ലക്ഷ്യം. മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം സജീവമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍മീഡിയ മോണിറ്റിംഗ് സെല്ല് നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടുകളെ നോട്ടമിട്ടിട്ടുണ്ട്.
മലപ്പുറം സ്വദേശി എം.വി. ഷറഫുദ്ദീനെതിരെയാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഫലം അട്ടിമറിക്കാന്‍ മൂന്ന് ആഴ്ച്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മെസ്സേജ് പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് മറ്റ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിഎമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള മെസ്സേജുകള്‍ പ്രചരിപ്പിച്ചതിനാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍. മറ്റുള്ള ഏഴുപേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപകീര്‍ത്തികരമായ 13 പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്യാനും കേരള പോലീസ് നടപടികള്‍ സ്വീകരിച്ചു. ഇതില്‍ അഞ്ചെണ്ണം പോലീസിന്റെ നിര്‍ദ്ദേശാനുസരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ റിമൂവ് ചെയ്യുകയും മറ്റുള്ളവ പോസ്റ്റിട്ടവര്‍ തന്നെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു.