തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഇഡിക്ക് ഏരിയാ കമ്മിറ്റി വരെയുള്ള അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഇഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ല. ബാങ്കില്‍ രഹസ്യമായ ഒരു അക്കൗണ്ടും പാര്‍ട്ടിക്കില്ല. എല്ലാ ചോദ്യം ചെയ്യലിനും സഹകരിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാതിരിക്കേണ്ട ഒരു കാര്യവുമില്ല. സിപിഎമ്മിന് ഒന്നും മറച്ചുവയ്‌ക്കേണ്ട് ആവശ്യമില്ല. മറ്റുള്ളവര്‍ എങ്ങനെയുളള പ്രതികൂല സാഹചര്യം സൃഷ്ടിച്ചാലും തെരഞ്ഞെടുപ്പില്‍ വിജയിക്കും.
ഏരിയാ കമ്മിറ്റികള്‍ വരെയുള്ള അക്കൗണ്ട് വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാറുള്ളത്. മറ്റ് ഘടകങ്ങള്‍ക്ക് അക്കൗണ്ടുണ്ടാകാം. അതിലെന്താണ് തെറ്റ് കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഡീലെന്ന് വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്. അവര്‍ക്കെന്താ പറയാന്‍ പാടില്ലാത്തത്. വര്‍ഗീയ ശക്തികളുമായി പ്രത്യക്ഷ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണ്’- എംഎം വര്‍ഗീസ് പ്രതികരിച്ചു.
അതേസമയം, കോടികളുടെ വായ്പാതട്ടിപ്പ് നടന്ന തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും കോടികളുടെ ഇടപാടുകള്‍ ഇതുവഴി നടത്തിയിട്ടുണ്ടെന്നും ഇഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ, കേന്ദ്രധനകാര്യ മന്ത്രാലയം എന്നിവയെ അറിയിച്ചിരുന്നു. സഹകരണ നിയമങ്ങള്‍ പാലിക്കാതെ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ 25 അക്കൗണ്ടുകള്‍ പാര്‍ട്ടിക്കുണ്ടെന്നും ഇഡി നല്‍കിയ കത്തില്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയില്‍ ഇഡി നല്‍കിയ കത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍. സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് അക്കൗണ്ടുകള്‍ ആരംഭിച്ചത്. കരുവന്നൂര്‍ ബാങ്കില്‍ അംഗത്വമില്ലാതെയാണ് അക്കൗണ്ടുകള്‍ തുറന്നത്. അക്കൗണ്ടെടുക്കാന്‍ അംഗത്വം വേണമെന്ന ചട്ടം പാലിച്ചില്ലെന്നുമാണ് ഇഡിയുടെ റിപ്പോര്‍ട്ട്.