ദില്ലി: തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലില്‍ സിപിഎമ്മിന് തിരിച്ചടിയുമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെയും പാർട്ടി നേതാക്കളുടെയും 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇ.ഡി കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു കണ്ടെത്തൽ.
പാർട്ടി ഓഫീസിനായി സ്ഥലം വാങ്ങുന്നതിനും പാർട്ടി ഫണ്ട്, ലെവി തുടങ്ങിയവ ശേഖരിക്കുന്നതിനുമായാണ് ഇ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സൊസൈറ്റിയിൽ അംഗത്വമൊന്നും നേടാതെയാണ് ഈ അക്കൗണ്ടുകൾ തുറന്നിരിക്കുന്നത്. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും ബാങ്കിൻ്റെ ബൈലോകളും ലംഘിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ ഇഡിയുടെ വെളിപ്പെടുത്തുന്നു.
ഇതെല്ലാം പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കണമെന്നതാണ് ഇഡിയുടെ ആവശ്യം. കരുവന്നൂരിൽ ഇഡി നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് ഇത്. രഹസ്യ അക്കൗണ്ടുകൾ ഓഡിറ്റിംഗിൽ നിന്നും മറച്ചു വച്ചുവെന്നും ഇഡി ആരോപിക്കുന്നു.
തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി പറയുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4 പേർ അറസ്റ്റിലായെന്നും ഇ.ഡി വ്യക്തമാക്കി.