ഐപിഎല്ലില്‍ ഇന്നലെ വിജയിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നെങ്കിലും ചെന്നൈ ആരാധകരാണ് ആവേശക്കടല്‍ തീര്‍ത്തത്. സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ അത്യുഗ്രന്‍ പ്രകടനം ആരാധകരെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന ധോണി വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്.

ചെന്നൈയുടെ ബാറ്റിങ് നിര തുരുതുരാ തിരികെ കയറിയപ്പോള്‍ എട്ടാമനായാണ് ധോണി ക്രീസില്‍ എത്തിയത്. കളി കൈവിട്ട അവസ്ഥ തന്നെയായിരുന്നു അപ്പോള്‍. 23 പന്തില്‍ 72 റണ്‍സെന്ന വിജയലക്ഷ്യം നേടില്ലെന്ന് ഉറപ്പായിരുന്നെങ്കിലും ധോണിക്ക് ക്രീസിലേക്ക് വമ്പന്‍ ആരവത്തോടെയുള്ള സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്.

നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാല്‍ രണ്ടാം പന്തില്‍ ധോണി നല്‍കിയ സുവര്‍ണാവസരം ഖലീല്‍ അഹമ്മദ് കൈവിട്ടപ്പോള്‍ അതിന് നല്‍കേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡല്‍ഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.

രവീന്ദ്ര ജഡേജയെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിക്കൊണ്ടുള്ള ബാറ്റിങ് വെടിക്കെട്ടിനാണ് ധോണി അവിടെ തുടക്കം കുറിച്ചത്. അതേ ഓവറില്‍ തന്നെ ഒരു ഫോറുകൂടി നേടിയ ധോണി അടുത്ത ഓവറില്‍ സിക്‌സര്‍ പറത്തിയും ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി. മത്സരം അവസാന ഓവറിലേക്ക് എത്തുമ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 6 പന്തില്‍ 41 റണ്‍സ് ആയിരുന്നു. അസാധ്യമായ ലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും വിട്ടുകൊടുക്കാന്‍ ധോണി തയാറല്ലായിരുന്നു. ആദ്യ പന്തില്‍ ഫോര്‍ നേടിയ ധോണി രണ്ടാം പന്തില്‍ ഒരു മാസ്റ്റര്‍ ക്ലാസ് സിക്‌സറാണ് പറത്തിയത്.

മൂന്നാം പന്തില്‍ റണ്‍സ് എടുക്കാന്‍ പറ്റാതെ പോയതിന്റെ ക്ഷീണം ഫോര്‍ അടിച്ചും അഞ്ചാം പന്തിലെ നഷ്ടത്തിന് പകരമായി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സറും പറത്തിയാണ് ധോണി കളി അവസാനിപ്പിച്ചത്. അപ്പോഴേക്കും ധോണിയുടെ സംഭാവന 16 പന്തില്‍ 37 റണ്‍സ് ആയിരുന്നു. കുറച്ചുകൂടി നേരത്തെ ധോണി ക്രീസില്‍ എത്തിയിരുന്നെങ്കില്‍ കളി ചെന്നൈ കൈവിടില്ലായിരുന്നെന്ന് ഉറപ്പിച്ച ഇന്നിങ്‌സ്.