കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ്മൻചാണ്ടിയുടെ കുടുംബം ഒന്നാകെ ഇറങ്ങുമെന്ന് മറിയാമ്മ ഉമ്മൻ. ‘ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതുവരെ താൻ ഒരു തെരഞ്ഞെടുപ്പിനും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മകളായ അച്ചു ഉമ്മൻ ബിജെപിയിൽ പോകുമെന്ന സംസാരം ഉണ്ടെന്ന് താൻ ഇന്നലെ കേട്ടു. ചാണ്ടി ഉമ്മനെക്കുറിച്ചും കേട്ടു. തന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവർ ബി.ജെ.പിയിൽ പോകില്ല. അത് അറിയിക്കാൻ കൂടി വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്.. മറിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
‘പത്തനംതിട്ടയിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് പോകണമെന്ന് ആഗ്രഹം. ഞങ്ങളുടെ കല്യാണം കഴിഞ്ഞതുമുതല്‍ എ.കെ ആന്‍റണിയുടെ കുടുംബവുമായി നല്ല ബന്ധമാണ്. അനിൽ ആന്റണിയുമായുള്ളത് വ്യക്തിബന്ധമാണ്. ചാണ്ടി ഉമ്മനെ തന്നെയാണ് അനിലും. അനിലും പത്മജയും ബി.ജെ.പിയിൽ പോയത് ഒരുപാട് വേദനിപ്പിച്ചു. ഏറ്റവും വേദനിപ്പിച്ചത് അനിൽ പോയപ്പോഴാണ്’..മറിയാമ്മ പറഞ്ഞു.
‘രാഷ്ട്രീയത്തിൽ ചാണ്ടി ഉമ്മൻ മതിയെന്ന് പറഞ്ഞത് ഉമ്മൻ ചാണ്ടിയാണ്. അച്ചുവിന്റെ പേര് വീട്ടിൽ ചർച്ചയായപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞതാണ്. ഉമ്മൻ ചാണ്ടിക്ക് ശേഷം ചാണ്ടി വരട്ടെയെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നു. അതിന്റെ ചില സൂചനകളും നൽകിയിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുക ചാണ്ടിയാണ്. ‘ഇൻഡ്യ മുന്നണി ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിന് വേണ്ടി താൻ പ്രാർഥിക്കുന്നുണ്ട്. പ്രചാരണത്തിന് മാത്രമാണ് കുടുംബം ഒന്നടങ്കം ഇറങ്ങുന്നത്. ‘.. മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
പെൺമക്കളായ മറിയയും അച്ചുവും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തുടർച്ചയായി മത്സരിക്കുമ്പോഴും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മൻ മത്സരിച്ചപ്പോഴും മറിയാമ്മ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. കോട്ടയം മണ്ഡലത്തിലെ കൂരോപ്പട കോൺഗ്രസ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തുടക്കം. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ കുളനടയിൽ ഈ മാസം അഞ്ചിന് മറിയാമ്മയും ആറിന് അച്ചു ഉമ്മനും യുഡിഎഫ് പ്രചാരണത്തിനെത്തും.