ഡി.എ കുടിശികയ്ക്ക് പിന്നാലെ ശമ്പള പരിഷ്‌കരണ കുടിശികയും സ്വാഹ

Kerala Secretariat files

ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു ലഭിക്കേണ്ടതിന്റെ തലേദിവസവും ഉത്തരവ് ഇറക്കാതെ കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: ഡി.എ കുടിശികയ്ക്ക് പിന്നാലെ ജീവനക്കാരുടെ അര്‍ഹതപ്പെട്ട ശമ്പള പരിഷ്‌കരണ കുടിശികയും നിഷേധിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

നാല് ഗഡുക്കളായി ശമ്പള പരിഷ്‌കരണ കുടിശിക നല്‍കുമെന്നായിരുന്നു 2021 ഫെബ്രുവരിയില്‍ തോമസ് ഐസക്കിന്റെ വാഗ്ദാനം. 2019 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി 2023 ഏപ്രില്‍, ഒക്ടോബര്‍, 2024 ഏപ്രില്‍, നവംബര്‍ മാസങ്ങളിലായി ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന വാഗ്ദാനം.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധനമന്ത്രി ആയ ബാലഗോപാല്‍ 2023 ല്‍ ലഭിക്കേണ്ട ഒന്നും രണ്ടും ഗഡുക്കള്‍ അനന്തമായി മരവിപ്പിച്ച് ഉത്തരവിറക്കി. മൂന്നാം ഗഡു ലഭിക്കേണ്ടത് ഏപ്രില്‍ ഒന്നിനാണ്. എന്നാല്‍, മാര്‍ച്ച് 15 മുതല്‍ മൂന്നാം ഗഡു അനുവദിക്കേണ്ട ഫയല്‍ ബാലഗോപാല്‍ പിടിച്ചു വച്ചിരിക്കുകയാണ്.

ഇതിന്റെ ഇ ഫയല്‍ രേഖ മലയാളം മീഡിയക്ക് ലഭിച്ചു. ഒന്നും രണ്ടും ഗഡു മരവിപ്പിച്ചതുപോലെ മൂന്നാം ഗഡുവും ധനമന്ത്രി മരവിപ്പിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാം ഗഡു ബാലഗോപാല്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുസര്‍വീസ് സംഘടനകള്‍.