വിഴിഞ്ഞം തുറമുഖം: ഓണത്തിന് പ്രവർത്തനം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയിൽ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും.

നേരത്തെ, തുറമുഖത്തിന്റെ പ്രവർത്തനം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ ആരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിർമാണം വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തുറമുഖത്തിൻറെ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ടിന്റെ സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു.

ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാണ് തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028ൽ പൂർത്തിയാക്കും.

അതേസമയം, തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി മൂന്നാമത്തെ കപ്പൽ ചൈനയിൽ നിന്ന് എത്തിയിരുന്നു. ഷെൻഹുവ 24 എന്ന കപ്പലാണ് തുറമുഖത്ത് എത്തിയത്. ഇതിനു മുൻപ് ഒക്‌ടോബർ 12 ന് ആദ്യകപ്പലും നവംബര് 9 ന് രണ്ടാമത്തെ കപ്പലും എത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുന്നത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞം തുറമുഖത്ത് ഇറക്കുക.

മൂന്നാമത്തെ കപ്പലിൽ ആറ് യാർഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇത്തവണ ഇറക്കാനായി ഉള്ളത്. ഇസഡ്പിഎംസി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് പദ്ധതി നടത്തിപ്പുകാരായ അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തിച്ചേരും.

തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയിനുകളും എഴ് ഷിഫ്റ്റു ടു ഷോർ ക്രെയിനുകളും വേണം. വരും മാസങ്ങളിലായി ആറ് കപ്പലുകളിലായി ക്രെയിനുകൾ വിഴിഞ്ഞത്തേക്ക് എത്തിച്ചേരും. ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ആകെ 7,700 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ്. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്.

ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്‌ധരും ചേർന്നാണ് കപ്പലിലി നിന്ന് ക്രെയിൻ ഇറക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത്. മൂന്നാമത്തെ കപ്പലിൽ നിന്നുള്ള ക്രെയിനും ഇറക്കി ചൊവ്വാഴ്‌ചയോടെ കപ്പൽ തിരിച്ചു മടങ്ങിയേക്കും. ആദ്യ കപ്പലിൽ നിന്ന് ക്രെയിൻ തീരത്തിറക്കാൻ അനുമതി നല്കാൻ വൈകിയത് പദ്ധതിക്ക് തടസ്സം നേരിട്ടിരുന്നു. പിന്നീട് കേന്ദ്ര അനുമതി കിട്ടിയ ശേഷമാണ് ക്രെയിൻ ഇറക്കാനുള്ള നടപടികൾ ആരംഭിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments