FinanceNews

ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടമെടുക്കും; 9.1 ശതമാനം പലിശ

തിരുവനന്തപുരം: ഒരുവര്‍ഷത്തിനിടെ സഹകരണ ബാങ്കുകളില്‍ നിന്ന് മൂന്നാമതും വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ നല്‍കാനാണ് ഇത്തവണ 2000 കോടി രൂപ കടമെടുക്കുന്നത്. സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം രൂപീകരിച്ചായിരിക്കും ഇത്രയും തുക കണ്ടെത്തുക. ക്ഷേമപെന്‍ഷനുവേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി വഴിയാണ് വായ്പ സ്വീകരിക്കുക.

അതേസമയം, കെ.എന്‍. ബാലഗോപാലിന്റെ പ്രതീക്ഷക്കൊത്ത് ഇത്രയും കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമോ എന്നും ധനവകുപ്പിന് ആശങ്കയുണ്ട്. കഴിഞ്ഞ രണ്ടുതവണ എടുത്ത വായ്പ്പ തിരിച്ചടയ്ക്കാത്തതും രണ്ടാമത് ലക്ഷ്യമിട്ട അത്രയും തുക വായ്പ ലഭിക്കാതിരുന്നതുമാണ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നത്.

ഇത് മൂന്നാം തവണയാണ് സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ വായ്പക്ക് സമീപിക്കുന്നത്. ഇതിന് മുമ്പ് വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. ഒരുവര്‍ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നല്‍കി ഒരുവര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, രണ്ടാംതവണ 500 കോടിരൂപപോലും കണ്ടെത്താനായില്ല. പെന്‍ഷന്‍കമ്പനിക്ക് നല്‍കിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് വീണ്ടും പണം നല്‍കുന്നതിന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.

ഈവര്‍ഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തില്‍ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതുകൊണ്ടാണ്, രണ്ടുതവണ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെങ്കിലും, മൂന്നാമത്തെ വീണ്ടുമുള്ള നീക്കം. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്കാണ് ഫണ്ട് മാനേജര്‍. 9.1 ശതമാനമാണ് പലിശ.

സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേര്‍ന്ന് കേരളബാങ്കില്‍ തുടങ്ങുന്ന പൂള്‍ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. വായ്പയായാണ് സംഘങ്ങളില്‍നിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെന്‍ഷന്‍ കമ്പനിയും കരാറുണ്ടാക്കും. 12 മാസമാണ് വായ്പകാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതല്‍ കാലാവധിക്കുശേഷം ഒറ്റത്തവണയായും നല്‍കുന്ന രീതിയിലാണ് ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *