തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക മന്ദിരം നവീകരിക്കുന്നു. 5 കോടി രൂപയാണ് ചെലവ്. ഇതിനുള്ള ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല സാംസ്‌കാരിക വകുപ്പിനാണ്.
പൊതുമരാമത്ത് വകുപ്പ് 5 കോടിയുടെ ഡി.പി.ആര്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നും പണം ഉടന്‍ അനുവദിക്കണമെന്നും സാംസ്‌കാരിക ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പണം അനുവദിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ ബാലഗോപാലിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 13 ന് പണം അനുവദിച്ചു കൊണ്ട് ധനവകുപ്പ് ഉത്തരവിറങ്ങി. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പില്‍ നിന്ന് ഈ മാസം 23 ന് 5 കോടി സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി.
കയ്യൂര്‍ സ്മാരകം നവീകരിക്കുമെന്ന് 2022-23 ലെ ബജറ്റില്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടഞ്ഞ ബാലഗോപാലാണ് കയ്യൂര്‍ സ്മാരകം നവീകരിക്കാന്‍ 5 കോടി അനുവദിച്ചത് എന്നതാണ് വിരോധാഭാസം.