CinemaCrime

‘ആടുജീവിതം’ വ്യാജ പതിപ്പിനെതിരെ ബ്ലെസി പരാതി നല്‍കി

കൊച്ചി: കഴിഞ്ഞ ദിവസം തിയറ്റേറില്‍ റിലീസ് ചെയ്ത ‘ആടുജീവിതം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി സംവിധായകന്‍ ബ്ലെസി. എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. നവമാധ്യമങ്ങളിലടക്കം തല്‍പര കക്ഷികള്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായി സംവിധായകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യാജന്‍ പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ടുകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

16 വർഷത്തെ പ്രയത്നത്തിനൊടുവില്‍ തിയേറ്ററിലെത്തിച്ച സിനിമയുടെ അണിയറ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ റിലീസ് ആയാൽ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരണം ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോ​ഗോയും വ്യാജ പതിപ്പിൽ ഉണ്ട്. ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം.

സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് സമ്മാനിച്ചത് ബ്ലെസിയാണ്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ഡെഡിക്കേഷന്‍റെ കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ അതിന്‍റെ വന്യത എത്രത്തോളം ആണെന്ന് ഇന്നലെ തിയറ്ററിലെത്തിയ ഓരുത്തരും അനുഭവിച്ച് അറിയുക ആയിരുന്നു.

അമല പോള്‍ നായികയായി എത്തിയ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം തിയറ്ററില്‍ എത്തിയിരിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *