ഏഴ് ഡ്രൈവര്‍മാര്‍ പോരാ! ഗവര്‍ണര്‍ക്ക് പുതിയ ഡ്രൈവറെ നിയമിക്കുന്നു; ശമ്പളം 57900 രൂപ

Kerala Governor Arif Mohammad Khan

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡ്രൈവറെ വേണം. ശമ്പളം 57900 രൂപ. ഡ്രൈവറെ ലഭിക്കാന്‍ ഈ മാസം 25 ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍.

സെക്രട്ടറിയേറ്റിലേയും മറ്റ് വിവിധ വകുപ്പുകളിലെയും സമാന തസ്തികയിലുള്ള ഡ്രൈവര്‍മാര്‍ക്ക് അപേക്ഷിക്കാം.

ഏപ്രില്‍ 15 ന് മുമ്പ് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കണം. രാജ് ഭവനില്‍ നിലവില്‍ 7 ഡ്രൈവര്‍മാരുണ്ട്. ഇവരുടെ ശമ്പളത്തിന് ഒരു മാസം വേണ്ടത് 4.20 ലക്ഷമാണ്.

ആരിഫ് മുഹമ്മദ് ഖാന് കളപ്പുര നിർമിക്കാൻ 8.43 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണെങ്കിലും ഗവര്‍ണരുടെ ഒരു ആവശ്യത്തിനും മുടക്കം വരരുതെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് ധനമന്ത്രി. ഏറ്റവും കുറച്ചുകാലം സംസ്ഥാനത്ത് ചെലവിട്ട ഗവര്‍ണര്‍ മിക്കവാറും സര്‍ക്കാര്‍ ചെലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ യാത്രയിലായിരിക്കും. എന്നാലും രാജ്ഭവനില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തകൃതിയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പൂന്തോട്ടം പരിപാലിക്കാന്‍ ഈമാസം 19ന് 2 ലക്ഷം അനുവദിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ഗവര്‍ണര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

രാജ്ഭവനില്‍ പോട്ടിംഗ് ഷെഡ് ( കളപ്പുര) നിര്‍മ്മിക്കാന്‍ 8.43 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗാര്‍ഡന്‍ ഓഫിസിന് സമീപമാണ് പോട്ടിംഗ് ഷെഡ് പണിയുന്നത്. വിത്തുകളും ഉപകരണങ്ങളും സൂക്ഷിക്കാനാണ് പോട്ടിംഗ് ഷെഡ് നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.

ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 1 നായിരുന്നു. ഗവര്‍ണര്‍ മുഖ്യമന്ത്രി തര്‍ക്കം മഞ്ഞുരുകിയതോടെ ഖജനാവില്‍ നിന്ന് രാജ്ഭവനിലേക്ക് ലക്ഷങ്ങളാണ് അനുവദിക്കുന്നത്. ലൈഫ് മിഷന്‍ വീടിനായി 9 ലക്ഷം പേര്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നത്. 2 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് പോട്ടിംഗ് ഷെഡ് നിര്‍മ്മാണത്തിനായി ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്.

പൂന്തോട്ടം പരിപാലിക്കാൻ 2 ലക്ഷം

രാജ്ഭവനിലെ പൂന്തോട്ടത്തിൻ്റെ പരിപാലനത്തിന് 3.50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഈ തുക തീർന്നതോടെയാണ് ഗവർണർ പണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. ഈ മാസം 19 നാണ് തുക അനുവദിച്ചത്. ഇതോടെ രാജ്ഭവനിലെ പൂന്തോട്ട പരിപാലനത്തിൻ്റെ ചെലവ് 5.50 ലക്ഷമായി ഉയർന്നു.

ധന പുനർവിനിയോഗത്തിലൂടെയാണ് തുക അനുവദിച്ചത്. ഗവർണറുടെ ഔദ്യോഗിക വസതിയുടെ റിപ്പയറിംഗിന് ബജറ്റിൽ വകയിരുത്തിയ തുകയിൽ നിന്നാണ് പൂന്തോട്ട പരിപാലനത്തിന് തുക അനുവദിച്ചത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനപുനർ വിനിയോഗം കർശനമായി ധനവകുപ്പ് വിലക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഗവർണർ മഞ്ഞുരുകിയതോടെ പണം അനുവദിക്കാൻ ബാലഗോപാൽ തീരുമാനിക്കുക ആയിരുന്നു.

ആട്ടിൻകൂട്, കോഴികൂട് പരിപാലനത്തിന് 3.24 ലക്ഷം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ആട്ടിൻകൂട്, കോഴി കൂട് പരിപാലനത്തിനായി 3.24 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. രാജ്ഭവനിലെ ഫാം ഹൗസിലെ ആട്, കോഴി എന്നിവയുടെ കൂടിൻ്റെ പരിപാലത്തിനാണ് 3.24 ലക്ഷം.

ഇതിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. 2023 ഡിസംബർ 28 നുള്ളിൽ ടെണ്ടർ സമർപ്പിക്കണം എന്നാണ് ടെണ്ടറിൽ പറഞ്ഞിരിക്കുന്നത്. കോഴിക്കൂടിൻ്റെയും ആട്ടിൻകൂട്ടിൻ്റെയും പരിപാലന പ്രവർത്തനങ്ങൾ രാജ്ഭവനിൽ പൂർത്തിയായി എന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് അധികമായി ബജറ്റിൽ ഗവർണർക്ക് വേണ്ടി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയത്. 2023 – 24 ൽ 12.52 കോടിയായിരുന്നു രാജ്ഭവൻ്റെ ബജറ്റ് എസ്റ്റിമേറ്റ്. ഇത്തവണ അത് 12.95 കോടിയായി ഉയർന്നു.

ഗാർഹിക ചെലവ്, വൈദ്യ സഹായം, സഞ്ചാര ചെലവുകൾ, രാജ്ഭവനിലെ ശമ്പളം എന്നീ ഇനങ്ങളിൽ ആണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ബാലഗോപാൽ വകയിരുത്തിയത്. ധന പ്രതിസന്ധിക്കിടയിലും ഗവർണറോട് പിണറായിക്കുള്ള പ്രത്യേക കരുതൽ ആണ് ഇത് കാണിക്കുന്നത്.

പരസ്പരം കൊമ്പ് കോർക്കൽ ഒക്കെ നാടകം മാത്രം. അന്തർധാര സജീവം എന്നർത്ഥം. 2024-25 ൽ രാജ്ഭവൻ്റെ ചെലവുകൾക്കായി ബാലഗോപാൽ നൽകിയത് ഇപ്രകാരം;

  • 1 ഗവർണറുടെ ശമ്പളം – 42 ലക്ഷം
  • 2 ഗവർണർക്ക് ഇഷ്ടാനുസരണം ചെലവഴിക്കാൻ – 25 ലക്ഷം
  • 3 ഗാർഹീക ചെലവ്- 4.21 കോടി 4.വൈദ്യസഹായം – 50.62 ലക്ഷം
  • 5 മനോരജ്ഞന ചെലവ് ( Entertainment Expense) – 2 ലക്ഷം
  • 6 കരാർ ചെലവ്- 10 ലക്ഷം
  • 7 സഞ്ചാര ചെലവ് – 13 ലക്ഷം
  • 8. രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളം – 7.31 കോടി
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments