തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
കൊല്ലത്ത് എം. മുകേഷ് എംഎല്‍എ പത്രിക സമര്‍പ്പിക്കുന്ന ആദ്യ സ്റ്റാര്‍ സ്ഥാനാര്‍ഥിയാകും. കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസില്‍ നിന്ന് മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവെയ്ക്കാനുള്ള തുക കൈമാറിയത്.
കേരളത്തില്‍ മത്സരിക്കുന്ന ദേശീയ ശ്രദ്ധയുള്ള സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തും. വയനാട്ടിലെ സിറ്റിംഗ് എംപിയായ രാഹുല്‍ ഗാന്ധി ഇതുവരെ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. രാഹുല്‍ ഗാന്ധി കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം ഒന്നുകൂടി ശക്തമാകും.
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.