പി.സി ജോർജിനെ NDA പരിപാടികളിൽ നിന്ന് മാറ്റി നിർത്തുന്നു; പാർട്ടിയും പോയി പണിയുമില്ലാതെ ജോർജും ഷോണും

കോട്ടയം: സ്വന്തം പാർട്ടിയായിരുന്ന ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ച് രാഷ്ട്രീയ തിരിച്ചുവരവിന് ശ്രമിച്ച പിസി ജോർജിന് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കനത്ത തിരിച്ചടി. എൻഡിഎയുടെ പരിപാടികളില്‍ നിന്ന് അകറ്റി നിർത്തിയാണ് തുഷാർ വെള്ളാപ്പള്ളി പിസി ജോർജിനെ ഒതുക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി. ജോർജ്ജിന് ആദ്യം തിരിച്ചടിയായത് അവിടെ അനില്‍ ആൻ്റണി സ്ഥാനാർത്ഥിയായതാണ്. ഇതിനെതിരെ പരസ്യമായി പ്രതികരിച്ച ജോർജ് വെള്ളാപ്പള്ളി നടേശനെതിരെയും മകൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെയും രൂക്ഷമായ ഭാഷകള്‍ ഉപയോഗിച്ചു. ഇതോടെ എന്തുവന്നാലും പിസി ജോർജുമായി തെരഞ്ഞെടുപ്പ് കാലത്ത് ബിഡിജെഎസ് സഹകരിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. തുഷാര്‍ സ്മാള്‍ ബോയ് ആണെന്ന് പറഞ്ഞ പിസി ജോര്‍ജിനെ കോട്ടയത്തെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ക്ഷണിച്ചില്ല.

വിളിച്ചില്ല, അതുകൊണ്ട് പങ്കെടുക്കില്ല എന്നാണ് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപിയും മുന്നണി നേതൃത്വവുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുപ്പമുള്ളവരുടെ പ്രതികരണം. രമ്യതയ്ക്ക് വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാന ബിജെപി നേതൃത്വം ഇടപെട്ടാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയിലെത്തിച്ചത്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകാം എന്നായിരുന്നുവത്രെ പിസി ജോര്‍ജിന്റെ ആദ്യ നിലപാട്. എന്നാല്‍ പാര്‍ട്ടിയില്‍ ലയിക്കാനാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പിസി ജോര്‍ജ് ജനപക്ഷം പിരിച്ചുവിട്ടതും ബിജെപിയില്‍ അംഗത്വമെടുത്തതും. തമിഴ്‌നാട്ടില്‍ നടന്‍ ശരത്കുമാറും സമാനമായ രീതിയില്‍ ബിജെപിയിലെത്തിയിരുന്നു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാമെന്ന ധാരണയുടെ പുറത്താണ് പിസി ജോര്‍ജ് പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്നും വാര്‍ത്തകള്‍ വന്നു. രണ്ടും സംഭവിച്ചില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണിയെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തു.

ഇതിലുള്ള നീരസം പിസി ജോര്‍ജ് പരസ്യമായി പ്രകടിപ്പിച്ചു. അനില്‍ ആന്റണിയെ ആര്‍ക്കുമറിയില്ലെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. സ്ഥാനാര്‍ഥിയാകുമെന്ന് കരുതി ക്രൈസ്തവ നേതാക്കളുമായി പിസി ജോര്‍ജ് ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു അനില്‍ ആന്റണിയുടെ വരവ്. തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും എതിര്‍ത്തത് കാരണമാണ് തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് എന്ന സംശയവും പിസി ജോര്‍ജിനുണ്ട്.

നരേന്ദ്ര മോദി വന്ന പത്തനംതിട്ടയിലെ പരിപാടിയില്‍ പിസി ജോര്‍ജ് പങ്കെടുത്തിരുന്നു എങ്കിലും പിന്നീട് അദ്ദേഹം അത്ര സജീവമായില്ല. കോട്ടയത്തെ പ്രചാരണത്തിന് പിസി ജോര്‍ജ് ഇതുവരെ എത്തിയിട്ടില്ല. സ്വന്തം ജില്ലയായിട്ടും കണ്‍വെന്‍ഷന് വിളിച്ചതുമില്ല. ജില്ലയിലെ പ്രധാന ബിജെപി നേതാവാണ് പിസി ജോര്‍ജ് എന്നതും എടുത്തു പറയേണ്ടതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments