സിനിമ സീരിയല്‍ താരം എന്നതിനേക്കാള്‍ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖം എന്ന നിലയിലാണ് ജി. കൃഷ്ണകുമാര്‍ സജീവം. ഇപ്പോള്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ കരുത്തരെ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് കൃഷ്ണകുമാറിനെയാണ്. കൊല്ലത്ത് ഏറ്റവും അവസാനം നിശ്ചയിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയാണെങ്കിലും മണ്ഡലമാകെ ഓടിയെത്തി വൈകിയതിന്റെ കുറവ് പരിഹരിക്കാനാകുമെന്നും സോഷ്യല്‍ മീഡിയവഴി പ്രചാരണം ശക്തമാക്കാന്‍ സാധിക്കുമെന്നും വിശ്വസിക്കുകയാണ് കൃഷ്ണകുമാര്‍.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതായി തോന്നുന്നില്ലെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രചരണം നയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപിയെ കൂടാതെ ചലച്ചിത്രതാരമായ മകള്‍ അഹാനയെ അടക്കം രംഗത്തിറക്കി പ്രചാരണത്തിന് ബലം കൂട്ടുമെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്.
‘വളരെ നേരത്തേ തന്നെയാണ് പ്രഖ്യാപനം. നാളെ ഇറങ്ങിയാല്‍ തന്നെ പ്രചരണത്തിനായി ഒരുമാസത്തെ സമയം കിട്ടും. 20 ദിവസം കൊണ്ട് തന്നെ വളരെ ശക്തമായ പ്രചരണം നയിക്കാന്‍ സാധിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരത്ത് പാര്‍ട്ടി മത്സരിപ്പിക്കുന്നത് വളരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ആണ്. മികച്ച നേതാവ് എന്നതിലുപരി അദ്ദേഹം ഒരു കേന്ദ്രമന്ത്രി കൂടിയാണ്.
നല്ലൊരു ബിസിനസുകാരന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഇന്ന് മത്സരിപ്പിക്കാന്‍ പറ്റുന്ന മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ് അദ്ദേഹം. കൊല്ലത്ത് തനിക്ക് നിരവധി സുഹൃത്തുക്കള്‍ ഉണ്ട്. ബന്ധങ്ങളും സ്വന്തങ്ങളും ഉണ്ട്. മുകേഷുമായുള്ള ബന്ധത്തെ ഒന്നും സ്ഥാനാര്‍ത്ഥിത്വം ബാധിക്കില്ല. പ്രത്യയശാസ്ത്രപരമായി നമ്മള്‍ പലതും തര്‍ക്കിക്കും എതിര്‍ത്ത് സംസാരിക്കുകയുമൊക്കെ ചെയ്യും. അതൊന്നും വ്യക്തിപരമായി ബാധിക്കില്ല’ എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
മകളും നടിയുമായ അഹാന പ്രചരണത്തിന് എത്തുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. അഹാനയെ വിളിച്ചിരുന്നു. അവള്‍ ഇപ്പോള്‍ ഐസ് ലാന്റില്‍ ഷൂട്ടിങ്ങിലാണ്. നാട്ടില്‍ വന്നാല്‍ എല്ലാ ദിവസവും പറ്റില്ലെങ്കിലും കഴിയുന്ന ദിവസങ്ങളില്‍ വന്ന് പ്രചരണങ്ങളില്‍ പങ്കെടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലുടെയും പ്രചരണം നടത്താമെന്ന് പറഞ്ഞിട്ടുണ്ട്.
ഞാന്‍ അവളെ നിര്‍ബന്ധിക്കാറില്ല. വരുന്നത് നല്ലതാണ്, പക്ഷേ അധികം നിര്‍ബന്ധിക്കില്ല, കാരണം അവള്‍ക്ക് രാഷ്ട്രീയമില്ല. അവര്‍ ഇത്തവണയും പറയുന്നത് അച്ഛന് വേണ്ടിയാണ് വരുന്നതെന്നാണ്. കലാകാരന്‍മാരായി നില്‍ക്കുമ്പോള്‍ രാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണ് നല്ലത്’ എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സുരേഷ് ഗോപിയെ പ്രചരണത്തിനായി എത്തിക്കാന്‍ നോക്കുമെന്നും കൃഷ്ണകുനാര്‍ പറഞ്ഞു. തൃശൂരില്‍ അതിശക്തമായ മത്സരമാണ് നടക്കുന്നത്. അദ്ദേഹത്തിന് ഒരുദിവസം പോലും മാറി നില്‍ക്കാന്‍ സാധിക്കില്ലല്ലോ. എങ്കിലും രണ്ട് ദിവസം അദ്ദേഹം പ്രചരണത്തിനായി എത്തിക്കാന്‍ ശ്രമിക്കണം’ എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.എന്‍കെ പ്രേമചന്ദ്രനാണ് കൊല്ലത്ത് നിന്നുള്ള എംപി. ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയോടെ പ്രേമചന്ദ്രന്‍ തന്നെയാണ് മത്സരത്തിന് ഇറങ്ങുന്നത്. എല്‍ഡിഎഫിനായി നടന്‍ മുകേഷ് ആണ് മത്സരിക്കുന്നത്.