ദില്ലി: സിനിമാ താരം കങ്കണ റണാവത്തിന് മത്സരിക്കാൻ സീറ്റ് നല്‍കി ബിജെപി. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് കങ്കണ മത്സരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 16 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ അഞ്ചാമത്തെ പട്ടികയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കിയിരിക്കുന്നത്.
നടി കങ്കണ റണാവത്ത്, മുൻ കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട പുതുമുഖങ്ങള്‍. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് റണാവത്ത് മത്സരിക്കുമ്പോൾ മുൻ ജഡ്ജി പശ്ചിമ ബംഗാളിലെ തംലുക്കിൽ നിന്ന് മത്സരിക്കും.
അഞ്ചാം പട്ടികയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന, സിക്കിം, ഒഡീഷ, മിസോറം, മഹാരാഷ്ട്ര, കേരളം, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സീറ്റുകളിലേക്കായി 111 സ്ഥാനാർത്ഥികളെ നിർത്തി.
അതേസമയം, വരുൺ ഗാന്ധിയെ പിലിഭിത്തിൽ നിന്ന് ഒഴിവാക്കിയപ്പോൾ അമ്മ മേനക ഗാന്ധി സുൽത്താൻപൂരിൽ നിന്ന് നിലനിർത്തി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സംബാൽപൂരിൽ നിന്നും സംബിത് പത്രയെ പുരിയിൽ നിന്നും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.
ജനപ്രിയ ടിവി സീരിയലായ രാമായണിലെ രാമനായി അഭിനയിച്ച നടൻ അരുൺ ഗോവിലിനെ മീററ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കി. പിലിഭിത്തിൽ വരുൺ ഗാന്ധിക്ക് പകരം ജിതിൻ പ്രസാദയെ നിയമിച്ചു. ഉത്തര കന്നഡ മണ്ഡലത്തിൽ നിന്ന് മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയെയും പാർട്ടി ഒഴിവാക്കി.