IAS ഉദ്യോഗസ്ഥര്‍ക്ക് ഒരുങ്ങുന്നത് 100 കോടിയുടെ മന്ദിരസമുച്ചയം; 50.71 കോടിയുടെ നിര്‍മ്മാണം ഊരാളുങ്കലിന്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആഡംബര റസിഡന്‍ഷ്യല്‍ മന്ദിര സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കലിന്.

തിരുവനന്തപുരത്ത് ആക്കുളത്താണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി സമുച്ചയം നിര്‍മ്മിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍ വര്‍ക്കിന്റെ മാത്രം ചെലവ് 50.71 കോടിയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 100 കോടി കടക്കും.

ഹൗസിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഹൗസിംഗ് വകുപ്പിനെ മേല്‍നോട്ട ചുമതലയില്‍ നിന്ന് വെട്ടി. പകരം മരാമത്ത് വകുപ്പിനെ ഏല്‍പിച്ചു മാര്‍ച്ച് 20 ന് ഉത്തരവിറങ്ങി. കേരള സ്‌റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന് ഇത്തരമൊരു പ്രോജക്റ്റ് പൂര്‍ത്തിയാക്കാനുള്ള കഴിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണ ചുമതല ഊരാളുങ്കലിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

പിണറായി മുഖ്യമന്ത്രിയായതിനുശേഷം ഊരളുങ്കല്‍ ഹാപ്പിയാണ്. 10,000 കോടിക്ക് മുകളിലുള്ള പ്രവൃത്തികളാണ് പിണറായി കാലത്ത് ഊരാളുങ്കലിന് ലഭിച്ചത്.

കേരളത്തിലെ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ 90 ശതമാനവും നേടുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ എത്തിയതിനു ശേഷം ഊരാളുങ്കലിന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു.

ടെണ്ടറില്ലാതെ കോടികളുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഊരാളുങ്കലിന് നല്‍കി. ശ്രീരാമകൃഷ്ണന്റെ വക കോടികളുടെ പ്രവൃത്തികള്‍ നിയമസഭയിലും ഊരാളുങ്കലിന് ലഭിച്ചു. പിണറായി മുഖ്യമന്ത്രിയായതിനുശേഷം 6511.70 കോടി രൂപയുടെ പ്രവൃത്തികള്‍ ഊരാളുങ്കലിന് നല്‍കി എന്നാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

പിണറായി കാലത്ത് 4681 സര്‍ക്കാര്‍, പൊതുമേഖല പ്രവൃത്തികള്‍ ഊരാളുങ്കലിന് ലഭിച്ചു. ഇതില്‍ 3613 പ്രവൃത്തികളും ടെണ്ടര്‍ കൂടാതെയാണ് ഊരാളുങ്കലിന് ലഭിച്ചത്. സഹകരണ സംഘങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഒരു ശതമാനം അധിക പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്‍മാര്‍ക്ക് 8.5 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9 ശതമാനം നിരക്കിലും ഊരാളുങ്കല്‍ പലിശ നല്‍കും. 2023 ഫെബ്രുവരി 28 വരെ 2255.37 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഊരാളുങ്കലില്‍ ഉണ്ട്. ശ്രീരാമകൃഷ്ണന്റെ മകള്‍ മുതല്‍ സിപിഎമ്മിന്റെ നൂറുകണക്കിന് വിശ്വസ്തര്‍ വരെ ഊരാളുങ്കലില്‍ ജോലി ചെയ്യുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments