ദില്ലി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ട്. 2024 ജനുവരി 24ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ഇറക്കിയ റിപ്പോര്‍ട്ടില്‍ 2024 മാര്‍ച്ച് 15 വരെ 161 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായി എന്ന് വ്യക്തമാക്കുന്നു. 122 പേര്‍ തടങ്കലിലും. 47 ആക്രമണങ്ങള്‍ ഉണ്ടായ ഛത്തീസ്ഗഡ് ആണ് ഒന്നാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 36 ആക്രമണങ്ങളാണ് യു.പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശാണ് മൂന്നാം സ്ഥാനത്ത്. 14 ആക്രമണങ്ങള്‍. മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ലത്തീന്‍ അതിരൂപത കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. യു.സി.എഫ് റിപ്പോര്‍ട്ട് ക്രൈസ്തവ സമൂഹം ഭീതിയോടെയാണ് കാണുന്നത്.
ക്രൈസ്തവ പീഡനത്തില്‍ ഒന്നാമത് ചത്തീസ്ഗഡ്
ചത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ സാമൂഹിക ബഹിഷ്‌കരണം വരെ നടക്കുന്നുവെന്ന് യു.സി.എഫ് ചൂണ്ടിക്കാട്ടുന്നു. പൊതു കുഴല്‍കിണറില്‍ നിന്നുള്ള വെള്ളം ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെടുന്നു. മരണപ്പെട്ടാല്‍ മതാചാര പ്രകാരം ചടങ്ങുകള്‍ നിര്‍വ്വഹിക്കാനാകാത്ത പല പരാതികളും യുസിഎഫിന് ലഭിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയറിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചാല്‍ ഘര്‍വാപസിയുടെ പേരില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
2022 ലെ ക്രിസ്മസ് കാലഘട്ടത്തിലെന്നപോലെ, ക്രിസ്ത്യാനികള്‍ വീണ്ടും സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. പ്രദേശവാസികള്‍ ശാരീരികമായി ആക്രമിക്കുകയും അവരുടെ ജീവന് ഭീഷണിപ്പെടുത്തുകയും അവരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
ഉത്തര്‍പ്രദേശ് പീഡനത്തില്‍ രണ്ടാം സ്ഥാനത്ത്
ഉത്തര്‍പ്രദേശ്, ക്രിസ്തുമതം ആചരിക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ജന്മദിന പാര്‍ട്ടികളിലും മറ്റ് സാമൂഹിക സമ്മേളനങ്ങളിലും പ്രാര്‍ത്ഥിക്കുന്നതിന് പോലും പാസ്റ്റര്‍മാര്‍ക്കെതിരെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നുവെന്ന് യു.സി.എഫ് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കെതിരെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് പീഡനങ്ങളാണ് നടക്കുന്നത്.
യുപി ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ടിന് (യുപി ഫോറ) കീഴില്‍ പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത 30 ലധികം സംഭവങ്ങള്‍ യുസിഎഫ് ഹെല്‍പ്പ് ലൈന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ
ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇവയാണ്:
മധ്യപ്രദേശ് 14, ഹരിയാന 10, രാജസ്ഥാന്‍ 9, പിന്നെ ജാര്‍ഖണ്ഡ്, കര്‍ണാടക 8 വീതം, പഞ്ചാബും ആന്ധ്രയും 6 വീതവും ഗുജറാത്തും ബിഹാറും 3 എണ്ണം. ഓരോന്നും, തമിഴ്നാട്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ 2 വീതം, ഡല്‍ഹി, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഒന്ന് (1) വീതം. മൊത്തത്തില്‍, ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരില്‍ ജീവന് ഭീഷണി നേരിടുന്ന 19 സംസ്ഥാനങ്ങളുണ്ട്.
2024ലെ 75 ദിവസത്തിനുള്ളില്‍ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജാരോപണത്തിന്റെ പേരില്‍ 122 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. – യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു.