ദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചോദ്യം ചെയ്യലിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ അറസ്റ്റ് കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയത്.

അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കുമാര്‍ കെജ്‌രിവാള്‍ എന്ന അരവിന്ദ് കെജ്‌രിവാള്‍ ദേശീയതലത്തില്‍ ശ്രദ്ധേയനാകുന്നത്. 2006ല്‍ ഇന്‍കംടാക്സ് വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍ സ്ഥാനം രാജി വെച്ചാണ് അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്.

അരവിന്ദ് കെജ്രിവാളും അണ്ണാ ഹസാരെയും

ഡല്‍ഹി കേന്ദ്രമാക്കി പരിവര്‍ത്തന്‍ എന്ന കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മദര്‍ തെരേസയുടെ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കന്‍ ഇന്ത്യയിലെ രാമകൃഷ്ണമിഷന്‍, നെഹ്‌റു യുവകേന്ദ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷന്‍ ജേണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേര്‍ന്ന് പരിവര്‍ത്തന്‍ എന്ന എന്‍.ജി.ഒക്ക് രൂപം നല്‍കി. 2006 ഡിസംബറില്‍ മനീഷ് സിസോദിയ, അഭിനന്ദന്‍ സെഖ്രി എന്നിവരുമായി ചേര്‍ന്ന് പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു. ഇതില്‍ മനീഷ് സിസോദിയ ഇപ്പോള്‍ മദ്യനയ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും

ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ സമരത്തിനിറങ്ങിയപ്പോള്‍ വലംകയ്യായി പ്രവര്‍ത്തിച്ചത് അരവിന്ദ് കെജ്രിവാളാണ്. ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് 2011 ആഗസ്ത് 16-നു നടന്ന സത്യഗ്രഹത്തെ തുടര്‍ന്ന് കെജ്രിവാള്‍ അറസ്റ്റിലായി.

2012 ജൂലൈ മാസത്തില്‍ കളങ്കിതരായ പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മനീഷ് സിസോദിയക്കും ഗോപാല്‍റായിക്കുമൊപ്പം ജന്ദര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി. തുടര്‍ന്ന് 2012 സെപ്റ്റംബറില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി.

2013ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനോട് 25,864 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അപ്പോള്‍ ആം ആദ്മി പാര്‍ട്ടി എഴുപതു സീറ്റുകളില്‍ 28 എണ്ണത്തില്‍ വിജയിച്ചു. 2015ല്‍ എഴുപത് സീറ്റുകളില്‍ 67 ലും ജയിച്ച് ചരിത്രവിജയം കുറിച്ചു. 57,213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2015-ല്‍ വിജയിച്ചത്. 2020ലെ തെരഞ്ഞെടുപ്പില്‍ മൂന്നാമതും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഇങ്ങനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിനെതിരെ അഴിമതി വിരുദ്ധ സമരം നടത്തി ഡല്‍ഹിയുടെയും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി നേതാവിനെ ഇപ്പോള്‍ അഴിമതിയുടെ പേരില്‍ തന്നെ ബിജെപി സര്‍ക്കാര്‍ അഴിക്കുള്ളിലായിരിക്കുന്ന ചരിത്രപരമായ കാഴ്ച്ചയാണ് ദില്ലിയില്‍ നിന്ന് പുറത്തുവരുന്നത്. അന്ന് അരവിന്ദ് കെജ്‌രിവാള്‍ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ രംഗത്തുവന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.