കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ അഭിലാഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും കൊല്ലം പാര്‍ലമെന്റ് ജില്ലയില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ പരാജയം എന്ന സ്വപ്‌നം.
പ്രേമചന്ദ്രനെ നേരിടാന്‍ പലരെയും സിപിഎം നോട്ടമിട്ടെങ്കിലും പ്രേമചന്ദ്രനെതിരെ മല്‍സരിക്കാന്‍ ധൈര്യം കാട്ടി മുന്നോട്ട് വന്നത് മുകേഷ് മാത്രം. മണ്ഡലത്തിന്റെ മുക്കുംമൂലയും ഓടിയെത്തുന്ന എം.പിയെ നേരിടാന്‍ താരപരിവേഷമുള്ള എംഎല്‍എയ്ക്ക് സാധിക്കുമെന്ന വിശ്വസത്തിലാണ് പാര്‍ട്ടി.
സിനിമയിലെ വിജയം പോലെ തന്നെ രാഷ്ട്രീയ വിജയവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള അവസരമായിട്ടാണ് മുകേഷ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. തോറ്റാലും ജയിച്ചാലും മുകേഷിന് രാഷ്ട്രീയമായി ബോണസാണിത്. എകെജി സെന്ററിലെ അടക്കം പറച്ചിലുകളില്‍ മുകേഷിന് തക്കതായ ഒരു സ്ഥാനം ഒരുങ്ങുന്നതായാണ് അറിയുന്നത്.
തന്റെ നിഴലിനേക്കാള്‍ പരിചിതമാണെന്ന ആത്മവിശ്വസത്തിലാണ് എന്‍കെ പ്രേമചന്ദ്രന്‍. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കെ.എന്‍ ബാലഗോപാല്‍ എന്നിവരെ പ്രേമചന്ദ്രന്‍ നിലം തൊടീച്ചില്ലെന്നത് ചെറിയ കാര്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.
സ്വതസിദ്ധമായ തമാശകളുമായി പ്രചരണ രംഗത്ത് മുകേഷ് ശോഭിക്കുന്നുണ്ടെങ്കിലും വോട്ട് കിട്ടുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. അത്രയ്ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്റെ ജനസമ്മിതി.
ഒരു കാര്യത്തില്‍ പ്രേമചന്ദ്രനെക്കാള്‍ ഏറെ മുന്നിലാണ് മുകേഷ്. സമ്പത്തിന്റെ കാര്യത്തില്‍ മുകേഷ് കാതങ്ങളോളം മുന്നിലാണ്. 1.75 കോടിയാണ് പ്രേമചന്ദ്രന്റെ ആസ്തിയെങ്കില്‍ 14.24 കോടിയാണ് മുകേഷിന്റെ ആസ്തി.
ഒരു കാറാണ് പ്രേമചന്ദ്രന്റെ പേരില്‍ ഉള്ളതെങ്കില്‍ മുകേഷിന്റെ പേരില്‍ ഉള്ളത് 2 കാറുകള്‍. ഔഡിയും മഹീന്ദ്ര എസ്‌യുവിയും ആണ് മുകേഷിന്റെ ശേഖരത്തില്‍ ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു ബിഎംഡബ്ല്യു കൂടി മുകേഷിന്റെ കാര്‍ കളക്ഷനിലേക്ക് എത്തിയിട്ടുള്ളത്.
22 ബാങ്ക് അക്കൗണ്ട് മുകേഷിനുണ്ട്. ട്രഷറിയിലെ ഉള്‍പ്പെടെ നാല് അക്കൗണ്ടുകളാണ് പ്രേമചന്ദ്രന്റെ പേരിലുള്ളത്. ഇരുവരും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളാണിവ.
കൊല്ലത്തിന്റെ പ്രേമലു ആയി ജനങ്ങളോടൊപ്പം പ്രേമചന്ദ്രന്‍ ഇറങ്ങുമ്പോള്‍ മുകേഷിന് വേണ്ടി ചിന്ത ജെറോം അടക്കമുള്ളവര്‍ സജീവമായി പ്രചരണ രംഗത്തുണ്ട്. പ്രേമചന്ദ്രനെ മറികടക്കാന്‍ ഇതൊന്നും പോരാ എന്ന് മുകേഷിന് നന്നായറിയാം. ആവനാഴിയിലെ എല്ലാ അമ്പുകളും മുകേഷ് ഉപയോഗിക്കുമെന്ന് തീര്‍ച്ച.