ലക്നൗ : മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യം നേടാനായി യുവതി സഹോദരനെ വിവാഹം ചെയ്തു. മാർച്ച് അഞ്ചിന് ഉത്തർപ്രദേശിലെ ലഖിംപുരിൽ നടന്ന സമൂഹ വിവാഹത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവം പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിവാഹത്തിന് മുൻപ് രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിന് വില്ലേജ് ഡവലപ്പ്മെന്റ് ഓഫീസറെ സസ്പൻഡ് ചെയ്തിട്ടുമുണ്ട്. സമൂഹ വിവാഹത്തിന് പേര് രജിസ്റ്റർ ചെയ്ത പ്രീതി യാദവ് എന്ന യുവതിയാണ് പ്രതിശ്രുത വരൻ രമേഷ് യാദവ് ചടങ്ങിനെത്താത്തതിനെ തുടർന്ന് സ്വന്തം സഹോദരനെ വിവാഹം ചെയ്തത്.
സമൂഹ വിവാഹ പദ്ധതി പ്രകാരം ദമ്പതികൾക്ക് 51,000 രൂപ സർക്കാർ നൽകും. ഇതിൽ 35,000 രൂപ വധുവിന്റെ അക്കൗണ്ടിലേക്കും 10,000 പാരിതോഷികങ്ങൾ വാങ്ങുന്നതിനും 6000 രൂപ വിവാഹ ചെലവുകൾക്കുമാണ് നൽകുന്നത്. വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമേ തുക ലഭിക്കൂ. ഇത് നഷ്ടപ്പെടുത്താതിരിക്കാനാണ് യുവതി സ്വന്തം സഹോദരനെ തന്നെ വിവാഹം ചെയ്തത്.
ഈ വർഷം ജനുവരി ആദ്യം സമാനമായ കേസ് റിപ്പോർട്ട് യുപിയിൽ ചെയ്തിരുന്നു. സമൂഹ വിവാഹത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ചെറുക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അസിം അരുൺ പറഞ്ഞു. ദമ്പതികൾക്ക് വിവാഹദിനത്തിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് കൈമാറുമെന്നും മന്ത്രി അറിയിച്ചു.