കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു എന്ന 26 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ കൊടുംകുറ്റവാളി. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളും പിടിച്ചുപറിയും മോഷണവും നടത്തിയ ക്രൂരനാണ് ഇയാള്‍. 30 കൊല്ലമായി കുറ്റകൃത്യങ്ങള്‍ നടത്തിവരികയാണെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്റ്റേഷനുകളിലായി 60 ഓളം കേസുകളിലെ പ്രതിയാണ് മുജീബ്. കൊണ്ടോട്ടിയില്‍ മാത്രം 13 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ബോധംകെടുത്തി ബലാത്സംഗം ചെയ്യുകയും പണവും ആഭരണങ്ങളും കവരുകയും ചെയ്യുന്നതായിരുന്നു ഇയാള്‍ പിന്തുരുന്ന രീതി. 2020 കോവിഡ് കാലത്ത് മോഷ്ടിച്ച ഓട്ടോയില്‍ വയോധികയെ തന്ത്രപൂര്‍വ്വം കയറ്റി കമ്പിയില്‍ തലയടിപ്പിച്ച് ബോധംകെടുത്തി കെട്ടിയിട്ടാണ് ഇയാള്‍ പീഡിപ്പിച്ചത്.
പേരാമ്പ്രയില്‍ അനുവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് ബോധംകെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്. വയനാട്ടിലും ഇതിന് സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് സൂചന. 60 ഓളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം ചില കേസുകളില്‍ മാത്രമാണ്.
പത്തൊന്‍പതാം വയസില്‍ ചെറിയ മോഷണങ്ങള്‍ നടത്തിയാണ് തുടക്കം. പിന്നീട് പിടിച്ചുപറിയും ബലാത്സംഗവും. കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇത്രയും അപകടകാരിയായ ക്രിമിനലിനെ നിരീക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചതാണ് അനുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ പല കേസുകളില്‍ നിന്നും മുജീബ് ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടിരുന്നു. ചിലതൊക്കെ ഒത്തുതീര്‍പ്പാക്കി, എന്നാല്‍ ഇപ്പോഴും വിചാരണ നടക്കുന്ന കേസുകള്‍ വേറെയുമുണ്ട്. ുത്തേരി ബലാത്സംഗ കേസിലെ ഒന്നാം പ്രതിയായ മുജീബ് ഇപ്പോള്‍ ജാമ്യത്തിലാണ്.
2020 സെപ്റ്റംബറിലാണ് കോഴിക്കോട് മുത്തേരിയിലെ ബലാത്സംഗക്കേസ് നടക്കുന്നത്. മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തുകയായിരുന്നു കേസ്. അറസ്റ്റിലായ മുജീബ് വെസ്റ്റ്ഹില്‍ കൊവിഡ് ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടു.
പിന്നീട് കൂത്തുപറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഈ കേസില്‍ ഒന്നരവര്‍ഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് അനുവിന്റെ കൊല നടത്തിയിരിക്കുന്നത്. മുത്തേരി കേസാണ് അനുവിന്റെ കൊലപാതകത്തില്‍ മുജീബ് പിടിക്കപ്പെടുന്നതിലേക്ക് വഴി തെളിയിച്ചത്.
കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂടെയായിരുന്നു മുജീബ് ഏറെക്കാലം. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വീരപ്പന്‍ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.