
മുകേഷിന് വൻ സ്വീകാര്യതയെന്ന് ചിന്ത ജെറോം! നടന്റെ പ്രശസ്ത ഡയലോഗ് “തോമസ് കുട്ടീ വിട്ടോടാ” കടമെടുത്ത് യു.ഡി.എഫും
കൊല്ലം: കൊല്ലത്ത് മുകേഷിന് വൻ സ്വീകാര്യതയെന്ന് ചിന്ത ജെറോം. മുകേഷ് കൊല്ലത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആണെന്നും കൊല്ലത്ത് നിന്ന് 2 തവണ ജയിച്ച് മുകേഷ് നടത്തിയ വികസന പ്രവർത്തനങ്ങൾ കൊല്ലം പാർലമെൻ്റിൽ മുഴുവൻ നടത്താനാണ് മുകേഷിന് മൽസരിപ്പിക്കുന്നതെന്നുമാണ് ചിന്തയുടെ പ്രചാരണം.
കൊല്ലത്ത് വേറെ ആരെയും സ്ഥാനാർത്ഥിയാക്കാൻ സി പി എമ്മിന് കിട്ടിയില്ലേ എന്ന വിമർശനങ്ങൾ ഉയരുമ്പോഴാണ് മുകേഷിന് പിന്തുണയുമായി ചിന്തയുടെ രംഗപ്രവേശം. പ്രേമചന്ദ്രനെ പോലൊരു കരുത്തനെ നേരിടാൻ മുകേഷ് മതിയോ എന്ന സംശയങ്ങൾ തുടക്കം മുതൽ ഉയർന്നിരുന്നു.
എം.എ ബേബിയേയും കെ.എൻ ബാലഗോപാലിനേയും മലർത്തി അടിച്ച മല്ലനാണ് പ്രേമചന്ദ്രൻ.2014 ൽ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി 37, 649 വോട്ടിനാണ് പ്രേമചന്ദ്രനോട് പരാജയപ്പെട്ടത്. 2019 ൽ കെ.എൻ ബാലഗോപാൽ പ്രേമചന്ദ്രനോട് പരാജയപ്പെട്ടത് 1,48,869 വോട്ടിനും.

തോൽവിയോടെ ബേബിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിന് ഏറെ കുറെ ഷട്ടർ വീണു. പ്രേമചന്ദ്രനോട് ദയനിയമായി തോറ്റെങ്കിലും കൊട്ടാരക്കര വഴി ബാലഗോപാൽ മന്ത്രിസഭയിലെത്തി. ധനകാര്യം പോലെ സുപ്രധാനമായ വകുപ്പും കിട്ടി. പ്രേമചന്ദ്രനെ പോലൊരു ജനകീയനായ നേതാവിന് മുന്നിൽ തോൽവി അല്ലാതെ മറ്റൊരു വഴിയും മുകേഷിനില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് .
മുകേഷിന് നഷ്ടം ഒന്നും ഇല്ല. തോറ്റാലും എം എൽ എ സ്ഥാനം ഉണ്ട്. പ്രേമചന്ദ്രൻ്റെ മുമ്പിൽ മൽസരിക്കാൻ തയ്യാറാകാതെ പലരും പിൻമാറിയപ്പോൾ എന്തിനും തയ്യാറായി മുന്നോട്ട് വന്നത് മുകേഷാണ്. തോറ്റാലും മന്ത്രിസഭ പുനസംഘടന ഉണ്ടായാൽ മുകേഷ് മന്ത്രിയാകും എന്ന ശ്രുതിയും ഉയരുന്നുണ്ട്.
തോമസ് കുട്ടി വിട്ടോടാ എന്ന പ്രശസ്തമായ മുകേഷ് ഡയലോഗ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കൊല്ലത്ത് നിന്ന് ഉയർന്ന് കേൾക്കാം എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. പ്രേമചന്ദ്രനിലുളള വിശ്വാസം അത്രത്തോളം ഉണ്ട് യു.ഡി.എഫിന് .