KeralaPolitics

ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമം

ഇടുക്കി : ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമം . മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തു. മൂന്നാറില്‍ നടക്കുന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചർച്ച നടത്തി എന്നാണ് വിവരം .

ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍ എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ് രാജേന്ദ്രൻ നേരത്തെ മുന്നോട്ടുവച്ചിരുന്നു. പ്രാദേശികമായ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിബന്ധനകളില്‍ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *