തോമസ് ഐസക്കിൻ്റെ സുരക്ഷക്ക് 2 എസ്ഐമാർ! ശമ്പളം 1.70 ലക്ഷം; അരക്കോടി കഴിഞ്ഞും സുരക്ഷാ ചെലവ്; ഖജനാവ് പാപ്പരാക്കുന്ന സിപിഎം നേതാക്കള്‍ |T.M Thomas Isaac

Dr.T.M Thomas Isaac

തിരുവനന്തപുരം: സുരക്ഷക്ക് പോലിസ് ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ പത്രാസ് കുറയുമെന്ന് വിചാരിക്കുന്നവരാണ് രാഷ്ട്രീയക്കാർ. കാബിനറ്റ് റാങ്ക് പോയാലും സുരക്ഷക്ക് ഇടവും വലവും പോലിസ് വേണമെന്ന് ശഠിക്കുന്നവരാണ് ഇക്കൂട്ടർ.

അതിൽ പ്രമുഖനാണ് മുൻമന്ത്രിയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയുമായ ഡോ. ടി.എം. തോമസ് ഐസക്ക്. ഐസക്കിൻ്റെ സുരക്ഷക്ക് 2 സബ് ഇൻസ്പെക്ടർമാരാണ് ഇടത്തും വലത്തും ഉള്ളത്. ഒരു മാസം ഇവർക്ക് ശമ്പളം കൊടുക്കാൻ വേണ്ടത് 1.70 ലക്ഷം രൂപയാണ്. ഒരു വർഷം ഇവർക്ക് ശമ്പളം കൊടുക്കാൻ വേണ്ടത് 20.40 ലക്ഷം.

ഐസക്കിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം 33 മാസത്തെ ശമ്പളം ഖജനാവിൽ നിന്ന് ഇവർ ഇതുവരെ കൈപറ്റി. 56.10 ലക്ഷം രൂപയാണ് ഇവർക്ക് ശമ്പളമായി ഇതുവരെ ലഭിച്ചത്. ഐസക്കിൻ്റെ സുരക്ഷക്ക് അരക്കോടിക്ക് മുകളിൽ ഇതുവരെ ചെലവായി എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

ആലപ്പുഴ ജില്ലക്കാരായ ഇവർ തോമസ് ഐസക്ക് മന്ത്രിയായ കാലം മുതലേ കൂടെയുള്ളവരാണ്. കാബിനറ്റ് മന്ത്രിയെന്ന നിലയിൽ 5 ഓളം ഗൺമാൻമാർ ഐസക്കിന് ഉണ്ടായിരുന്നു. ഐസക്കിൻ്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശേഷം ഇവർ പോലിസ് വകുപ്പിലേക്ക് മടങ്ങി. എന്നാല്‍ ഇതിൽ 2 പേരെ തൻ്റെ സുരക്ഷക്ക് നിയോഗിക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു. പിണറായി ചട്ടങ്ങളിൽ ഇളവ് വരുത്തി ഐസക്കിന് 2 സുരക്ഷ ഉദ്യോഗസ്ഥരെ അനുവദിച്ചു.

മുൻ മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ , ടി.പി. രാമകൃഷ്ണൻ , കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കും ചട്ടങ്ങളിൽ ഇളവ് വരുത്തി 2 സുരക്ഷ ഉദ്യോഗസ്ഥരെ വീതം അനുവദിച്ചിട്ടുണ്ട്. ചട്ടപ്രകാരം മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഗൺമാൻമാരെ അനുവദിക്കാറുണ്ട്.

ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് പോലിസ് ഉദ്യോഗസ്ഥൻമാർ ഇല്ല എന്ന നിരവധി പരാതികൾ ഉയർന്നപ്പോൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി പോലിസ് ഉദ്യോഗസ്ഥരുടെ പുതിയ പോസ്റ്റുകൾ നിഷ്കരുണം വെട്ടികളഞ്ഞ ധനമന്ത്രിയായിരുന്നു ഐസക്ക്. ആ ഐസക്ക് ആണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശേഷം 2 എസ്.ഐമാരെ സൂരക്ഷക്ക് എന്ന പേരിൽ കൊണ്ട് നടക്കുന്നത്.

ഐസക്കിൻ്റെ സുരക്ഷക്ക് എന്തെങ്കിലും ഭീഷണി ഉണ്ടെന്ന് പരാതി പോലും ഉയർന്നതായി കേട്ടിട്ടില്ല. കോടതി നിർദ്ദേശപ്രകാരം സുരക്ഷക്ക് ഗൺമാനെ അനുവദിക്കാറുണ്ട്. ഐസക്കിൻ്റെ കാര്യത്തിൽ അങ്ങനെ ഒരു നിർദ്ദേശവും കോടതിയുടെ ഭാഗത്ത് നിന്നില്ല.

2016 ൽ 1.25 ലക്ഷം കോടി കടമുണ്ടായിരുന്ന കേരളം 2021 ൽ ഐസക്കിൻ്റെ ധനമന്ത്രി കാലം കഴിഞ്ഞതോടെ 3.40 ലക്ഷം കോടിയായി ഉയർന്നു. കൊള്ള പലിശക്ക് കടം വാരി കൂട്ടി ധൂർത്തടിച്ച് കളയുന്ന ഐസക്കിൻ്റെ ശൈലി കേരളത്തെ കുത്തുപാളയെടുപ്പിച്ചു. പിൻഗാമിയായി വന്ന ബാലഗോപാൽ ആകട്ടെ കേരളത്തിൻ്റെ കടം 4.25 ലക്ഷം കോടിയാക്കി ഉയർത്തി.

ഇരുവരുടെയും ധനകാര്യ മാനേജ്മെൻ്റിൻ്റെ കഴിവ് കേട് മൂലം സംസ്ഥാനത്ത് പിറന്ന് വീഴുന്ന ഓരോ കുട്ടിയും 1.50 ലക്ഷം രൂപ കടത്തിലാണ് ജനിക്കുന്നത്. ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നാണ് പത്തനംതിട്ടയിൽ മൽസരിക്കുന്ന ഐസക്കിനെ സഖാക്കൾ വിശേഷിപ്പിക്കുന്നത്.

പത്തനംതിട്ടയിൽ തോറ്റാലും 2 എസ്.ഐമാരെ സുരക്ഷക്ക് തന്നിരിക്കും എന്ന് പിണറായി ഐസക്കിന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ഐസക്കിൻ്റെ ദൗർബല്യങ്ങൾ അറിയാവുന്നവരാണ് 2 എസ്.ഐമാരും. അതുകൊണ്ട് തന്നെ എസ്.ഐമാരെ വിട്ട് ഒരു കളിക്കും ഐസക്കിനെ കിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments