തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് ഡിഎ (Dearness Allowance) കുടിശിക അനുവദിക്കും. പ്രഖ്യാപിച്ച രണ്ട് ശതമാനം ഡിഎയോടൊപ്പം ഡി.എ കുടിശിക പ്രഖ്യാപിക്കാതിരുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ത്രിമൂര്‍ത്തികള്‍ അതൃപ്തി പ്രകടപ്പിച്ചിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിഎ കുടിശിക അനുവദിച്ചിട്ടും തങ്ങള്‍ക്ക് നല്‍കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ആയിരത്തോളം പേരാണുള്ളത്.അതില്‍ കുറവാണ് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണമെന്നാണ് ഇവരുടെ ന്യായം. 742 പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളാണ് സംസ്ഥാനത്തുള്ളത്.
മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവര്‍മ്മ, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവര്‍ ഡി.എ കുടിശിക ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സമീപിച്ചിരുന്നു. ജീവനക്കാര്‍ക്ക് ഡി.എ കുടിശിക പി.എഫില്‍ ലയിക്കുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് പണമായി കയ്യില്‍ ലഭിക്കുമായിരുന്നുവെന്ന മുന്‍കാല ഉത്തരവുകളും ഇവര്‍ ചൂണ്ടികാട്ടി.
അഞ്ചേകാല്‍ ലക്ഷം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ആകട്ടെ 742 പേരും. അതില്‍ തന്നെ 500 ഓളം പേരാണ് രാഷ്ട്രീയ നിയമനക്കാര്‍. മറ്റുള്ളവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയവരാണ്. 500 ഓളം പേര്‍ക്ക് ഡി.എ കുടിശിക അനുവദിക്കുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ല എന്നാണ് ഇവരുടെ വാദം. ഇത് ബാലഗോപാല്‍ അംഗീകരിക്കുകയായിരുന്നു.
പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് ഡിഎ കുടിശിക അനുവദിക്കുന്നതിനോടൊപ്പം പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ പെന്‍ഷന്‍കാരുടെ ഡി.എ കുടിശികയും അനുവദിച്ചേക്കും. 1600 പേരാണ് പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍. 2021 ജനുവരി മുതല്‍ ഡി.എ കുടിശികക്ക് പ്രാബല്യം ഉണ്ടെങ്കിലും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളില്‍ ഭൂരിപക്ഷവും 2021 മെയ് മാസത്തില്‍ തുടര്‍ഭരണം കിട്ടിയതിനു ശേഷം ജോലിയില്‍ കയറിയവരാണ്.
34 മാസത്തെ ഡിഎ കുടിശികയാണ് ഇവര്‍ക്കുള്ളത്. സിഎം രവീന്ദ്രനും പ്രഭാവര്‍മ്മയും നേരത്തെ തന്നെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളതുകൊണ്ട് 39 മാസത്തെ കുടിശിക ലഭിക്കും.
സെക്രട്ടറി റാങ്കില്‍ മീഡിയ സെക്രട്ടറി കസേരയില്‍ ഇരിക്കുന്ന പ്രഭാവര്‍മക്ക് ഡിഎ കുടിശികയായി 1.25 ലക്ഷം ലഭിക്കും. സി. എം രവീന്ദ്രന് 90000 രൂപയും കുടിശികയായി ലഭിക്കും. പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായത് 2022 ഏപ്രിലില്‍ ആണ്. അതുകൊണ്ട് തന്നെ 24 മാസത്തെ ഡിഎ കുടിശികയേ ശശിക്ക് ലഭിക്കൂ. 52000 രൂപയാണ് ഡി.എ കുടിശികയായി പി.ശശിക്ക് ലഭിക്കുക.
പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ തസ്തികയും ലഭിക്കുന്ന ഡി.എ കുടിശികയും ഇങ്ങനെ:
- കുക്ക് – 17000
- ഓഫിസ് അറ്റന്‍ഡന്റ് – 17940
- ക്ലര്‍ക്ക് – 20670
- പി.എ / അഡീഷണല്‍ പി.എ – 44070
- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി – 52000
- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി – 90,000
- സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി – 1,00,000
- പ്രൈവറ്റ് സെക്രട്ടറി – 1,05,000