കൊച്ചി: മലയാള ചാനല്‍ – സിനിമാരംഗത്തെ കോമഡി താരം ബിനു അടിമാലിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ മുൻ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്.
സോഷ്യല്‍ മീഡിയയിലെ വിമർശനങ്ങള്‍ ഒഴിവാക്കാൻ ബിനു അടിമാലി നാടകങ്ങള്‍ കളിച്ചുവെന്നും എന്നിട്ടും മോശം കമന്റുകള്‍ തുടർന്നപ്പോള്‍ അത് സോഷ്യല്‍ മീഡിയ മാനേജരായ ജിനീഷ് ക്വട്ടേഷൻ കൊടുത്തതാണെന്ന് ആരോപിച്ച് മർദ്ദിച്ചുവെന്നുമാണ് പ്രധാന വെളിപ്പെടുത്തല്‍.
ഇതേച്ചൊല്ലിയുള്ള വാക്കുതർക്കം ചാനല്‍ ഫ്ളോറില്‍ വെച്ച് ജിനേഷിനെ കൈയേറ്റം ചെയ്യുന്നതിലേക്കും ക്യാമറ തല്ലിപ്പൊളിക്കുന്നതിലേക്കും എത്തിയെന്നാണ് ബിനുവിന്റെ സുഹൃത്തുകൂടിയായിരുന്ന ജിനേഷ് വിവിധ യൂടൂബ് ചാനലുകളിലൂടെ പറയുന്നത്. തല്ലിയിട്ടില്ലെന്ന് വിശദീകരിക്കുന്ന ബിനു അടിമാലിയുടെ വാദങ്ങളെയും ഇയാള്‍ തള്ളിക്കളയുന്നു.
തന്നെ തല്ലിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും മർദ്ദിച്ചില്ലെങ്കിൽ പിന്നെ ബിനുവിനെതിരെ പോലീസ് കേസെടുത്തത് എന്തുകൊണ്ടാണെന്നും ജിനേഷ് ചോദിച്ചു. സുഖമില്ലാത്ത മകളുടെ പേര് പറഞ്ഞ് കള്ളസത്യമിടുകയാണ് അദ്ദേഹം. പണം വാങ്ങിയെന്ന ആരോപണവും കള്ളമാണെന്നും ജിനേഷ് പറഞ്ഞു. യുട്യൂബറായ സായ് കൃഷ്ണയുടെ ചാനലിലൂടെയാണ് ജിനേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
ബിനു അടിമാലി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. എന്റടുത്ത് എല്ലാ തെളിവും ഉണ്ട്. രണ്ട് മാസം ഷോയിൽ നിന്നും ബിനുവിനെ മാറ്റി നിർത്തിയിട്ടുണ്ട്. ഒന്നും ചെയ്തില്ലെങ്കിൽ എന്തിനാണ് മാറ്റി നിർത്തിയത്. ആൾ എന്റെ ക്യാമറ പൊട്ടിച്ചിട്ടുണ്ട്. തന്നെ മർദ്ദിച്ചന്ന് രാത്രി ഒത്തുതീർപ്പിന് വിളിച്ചിരുന്നു. എനിക്ക് പുതിയ ക്യാമറ വേണമെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ആൾ അതിന് തയ്യാറായില്ല. ഒത്തുതീർപ്പിനായി എന്നെ വിളിച്ച കോൾ റെക്കോർഡ് ഉണ്ട്. ഞാൻ നുണ പറഞ്ഞിട്ടില്ല.
ആ കൊച്ചിന്റെ പേര് പറഞ്ഞ് വലിയ കരച്ചിലായിരുന്നു. സുഖമില്ലാത്ത കൊച്ചിൻറെ കാര്യമാണ് ചാനലിലും പോയി പറഞ്ഞത്. ഒന്നും ചെയ്യാതെ എങ്ങനെയാണ് പുള്ളിക്കെതിരെ കേസ് എടുത്തത്. കാമറ പൊട്ടിയത് കാരണം രണ്ട് മാസത്തോളം കഴിഞ്ഞ് ഇപ്പോഴാണ് എനിക്ക് ക്യാമറ നന്നാക്കി കിട്ടിയത്.
ഞാൻ പുള്ളിയുടെ കൈയ്യിൽ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. പുള്ളിയുടെ വീഡിയോകൾക്കായി പുറത്ത് നിന്ന് കാമറാമാൻമാരെ ഏൽപ്പിച്ചിരുന്നു. ഹെലികാം ഏർപ്പെടുത്തിയിട്ടുണ്ട്. എഡിറ്റിംഗ് ഉണ്ട്. ഇതിനൊക്കെയുള്ള പൈസയാണ് തന്നത്. കടം ചോദിച്ചാൽ പൈസ പോലും തരാത്ത വ്യക്തിയാണ്.
കടം കാരണം വീട് വിൽക്കാൻ വെച്ചുവെന്നാണ് ബിനു അടിമാലി പറഞ്ഞത്. അതല്ല യഥാർത്ഥ കാരണം, ആ വീട്ടിൽ നിന്നാൽ കഷ്ടകാലം മാത്രമേയുള്ളൂ, രാശിയില്ല എന്ന് പറഞ്ഞാണ് വീട് വിറ്റത്. വീടിന്റെ മൂലകൾ പൊളിച്ച് പണിഞ്ഞിരുന്നു. എന്നിട്ടും കഷ്ടകാലം മാറിയിട്ടില്ലെന്ന് പറഞ്ഞാണ് വീട് മാറിയത്. യുട്യൂബിന് നൽകിയിരിക്കുന്നത് ആളുടെ അക്കൗണ്ടാണ്. അതിലേക്കാണ് പൈസ വരുന്നത്. പൈസ കിട്ടിയിട്ട് പോലും തനിക്ക് ഒന്നും തന്നിരുന്നില്ല.
സുഹൃത്തിന്റെ ബേക്കറി കട ഉദ്ഘാടനം ചെയ്യാൻ വിളിച്ചിട്ട് ഞാൻ പൈസ കൊടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പച്ചക്കള്ളമാണ് , ഞാനാണ് പൈസ വാങ്ങി കൊടുത്തത്. ഫുൾ ടാങ്ക് ഡീസലും വാഹനത്തിന് അടിച്ച് കൊടുത്തിട്ടുണ്ട്. തന്നെ ഉപദ്രവിച്ചതിന് കണക്കില്ല. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. കേസിൽ വ്യക്തമായ തെളിവ് എന്റെ കൈയ്യിൽ ഉണ്ട്. ആൾക്ക് വലിയ കണക്ഷൻ ഉണ്ട്. ആൾ പല പോലീസുകാരേയും വിളിച്ചിട്ടുണ്ട്. എന്റെ ഭാഗത്ത് സത്യമുണ്ട്. അതുകൊണ്ട് ധൈര്യമായിട്ടാണ് ഞാൻ വന്നത്.