തിരുവനന്തപുരം: വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പദ്മിനി തോമസും തമ്പാനൂർ സതീഷും അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ അധ്യക്ഷയായിരുന്നു പദ്മിനി തോമസ്. ഇവരോടൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഉദയന്‍, പദ്മിനി തോമസിന്റെ മകന്‍ ഡാനി ജോണ്‍ സെല്‍വന്‍ എന്നിവരുള്‍പ്പെടെ 20 പേര്‍ ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ബിജെപിയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് ഇവർ പാർട്ടി ഓഫീസിലെത്തിയത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. കോൺഗ്രസിൽ നിന്നും മനസ് മടുത്താണ് ബിജെപിയിലേക്ക് എത്തിയതെന്ന് സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും കോൺഗ്രസ് നേതാവുമായ പദ്മിനി തോമസ് വ്യക്തമാക്കി.
കോൺഗ്രസിൽ നിന്നും ഒരുപാട് മാനസിക വിഷമങ്ങൾ നേരിട്ടിട്ടുണ്ടെന്നും പദ്മിനി തോമസ് പറഞ്ഞു. ബിജെപിയിലേക്ക് ചേർന്ന ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പദ്മിനി. എത്രയോ സ്ത്രീകൾ കോൺഗ്രസിൽ നിന്നും ഇറങ്ങി പോകുന്നു. കെപിസിസിയ്‌ക്ക് മുന്നിൽ നിന്നും മുതിർന്ന വനിതാ നേതാവ് തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. എത്രയോ വനിതാ നേതാക്കൾ ഈ പ്രസ്ഥാനം ഉപേക്ഷിച്ച് പോയി.
ദേശീയ കായിക വേദിയെ നശിപ്പിക്കാൻ ഒരാൾ ശ്രമിച്ചു. പല കെപിസിസി അദ്ധ്യക്ഷന്മാർക്കും പരാതി നൽകിയിരുന്നു. എന്നാൽ ആരും അത് പരിഗണിച്ചില്ല. ഒരു മറുപടിയും ലഭിച്ചില്ല. കോൺഗ്രസിന് ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്.
കോൺഗ്രസുകാർക്ക് ഗ്രൂപ്പ് മാത്രമാണ് പ്രധാനം. സ്ത്രീകൾക്ക് കോൺഗ്രസിൽ നിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് ആകർഷിച്ചത്. – പദ്മിനി തോമസ് പറഞ്ഞു.
അതേ സമയം കോൺഗ്രസിനോടുള്ള പ്രതിഷേധം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് തമ്പാനൂർ സതീഷ് . ഡിസിസി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു തമ്പാനൂർ സതീഷ് പറഞ്ഞു. കെ.കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരും. കോൺഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്‍റെ ബിജെപി പ്രവേശനമെന്നും തമ്പാനൂർ സതീഷ് പറഞ്ഞു.