KeralaNews

കെ ഫോൺ അഴിമതി : ആഴവും പരപ്പും ജനങ്ങളെ ബോധ്യപ്പെടുത്തും ; വി ഡി സതീശൻ

തിരുവനന്തപുരം : കെ ഫോണ്‍ അഴിമതിയുടെ ആഴവും പരപ്പും വരും നാളുകളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വെളിവാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ തലത്തിലെ കൊടിയ അഴിമതിക്കെതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കുമെന്നായിരുന്നു അവകാശ വാദം. എന്നാല്‍ എഴ് വര്‍ഷം കഴിഞ്ഞിട്ടും 5000 പേര്‍ക്ക് പോലും കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുതയെന്ന് വി ഡി സതീശൻ പറയുന്നു.

കെ ഫോണിലെ ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം പരിശോധിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും. 1028 കോടിയുടെ പദ്ധതിക്ക് 58 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കി 1531 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയതിലൂടെ പൊതു ഖജനാവിനുണ്ടായ ഭീമമായ നഷ്ടവും എം.എസ്.പി, ഐ.എസ്.പി കരാറുകള്‍ എ.ഐ ക്യാമറ അഴിമതിയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

2017 ല്‍ പദ്ധതി തുടങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനുവദിക്കുന്നില്ലെന്നാണ് ഹൈക്കോടതി വിധിയിയിലുള്ളത്. സി.എ.ജി അടക്കം ക്രമക്കേടുകള്‍ ചൂണ്ടികാണിച്ചിട്ടുള്ള പദ്ധതിയാണിത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നതെന്നും വി ഡി സതീശൻ പറയുന്നു.

അതേസമയം, നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെടും. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കള്ള കേസെടുത്ത് വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്നും വി ഡി സതീശൻ പറയുന്നു.

ലോകം മുഴുവന്‍ സി.പി.എം എല്‍.എല്‍.എമാരുടെ അതിക്രമം ലൈവായി കണ്ടതാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. എന്നിട്ടും നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേസിനെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *