
ഡൽഹി : പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു . മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുത് എന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി.
അപകടകാരികൾ ആയ നായകളെ നിരോധിക്കണം എന്ന് ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളർത്തുന്നതിന് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
പിറ്റ്ബുൾ ടെറിയേർസ് , അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, ജാപ്പനീസ് ടോസ, ബാൻഡോഗ്, നിയപോളിറ്റൻ മാസ്റ്റിഫ്, വോൾഫ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിൻ കോർസൊ, ഡോഗോ അര്ജന്റിനോ, ടെറിയേർസ്, തുടങ്ങി ഇരുപതിൽ അധികം വിഭാഗത്തിൽ പെട്ട നായകളുടെ ഇറക്കുമതിയും, വിൽപ്പനയും ആണ് കേന്ദ്രം വിലക്കിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.
പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയിൽ ഉൾപ്പടുന്നു.