Crime

ബെംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി എൻഐഎ കസ്റ്റഡിയിൽ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി പിടിയിൽ. പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇയാളുടെ ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. വിവരം നൽകുന്നവരുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും ൻഐഎയുടെ ഒഫീഷ്യൽ എക്സ് അക്കൌണ്ടിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഏകദേശം 30 വയസ് തോന്നിക്കുന്ന പ്രതി ചാരനിറത്തിലുള്ള ഷർട്ടും വെള്ള തൊപ്പിയും മാസ്കും ധരിച്ചാണ് സംഭവ ദിവസം രാവിലെ 11.30ന് രാമേശ്വരം കഫേയിലെത്തിയത്. സ്‌ഫോടക വസ്തു കരുതിയ ബാഗും ഇയാൾ ധരിച്ചിട്ടുണ്ട്. 11.38 ഓടെ ഇയാൾ റവ ഇഡ്ഡലി ഓർഡർ ചെയ്തു. തുടർന്ന് ഒരു പ്ലേറ്റ് ഇഡ്ഡലിയുമായി നടക്കുന്നത് കഫേയിലെ കൗണ്ടറിന് മുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിക്കാതിരുന്ന ഇയാൾ 11.44ഓടെ വാഷ് ബേസിന് അടുത്ത് നിൽക്കുന്നതായി കാണാം. ഒരു മിനിറ്റിനുശേഷം പ്രതി കഫേയിൽ നിന്ന് ഇറങ്ങി. തുടർന്ന് ഉച്ചയ്ക്ക് 12.56ഓടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *