തിരുവനന്തപുരം: പരീക്ഷക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഹൈസ്കൂളുകളിലെ പ്രധാനധ്യാപകർ. നാലുവർഷമായി പരീക്ഷ നടത്തിപ്പിന് വിവിധ ഇനങ്ങളിൽ ചെലവഴിച്ച തുക അധ്യാപകർക്ക് ലഭിച്ചിട്ടില്ല. പ്രതിഷേധം ശക്തമായതിനാൽ ഈ വർഷം സ്കൂളുകളുടെ പി ഡി ഫണ്ടിൽ നിന്നാണ് പരീക്ഷാ ചെലവിനുള്ള പണം എടുക്കുന്നത്.
എസ്എസ്എൽസി – ഐ ടി പരീക്ഷകളിൽ എക്സാമിനറായി വരുന്ന അധ്യാപകന് ഡി എ, ടി എ ഇനത്തിൽ 500 രൂപ നൽകണം. ലേണിംഗ് ഡിസെബിലിറ്റി ഉള്ള കുട്ടികൾക്ക് സഹായി ആയി വരുന്ന ടീച്ചർക്കും ദിവസം നൽകേണ്ടത് 500 രൂപ. ഇങ്ങനെ കുട്ടികൾ കുറവുള്ള വിദ്യാലയങ്ങളിൽ 25,000 വരെയും, 500 ന് മുകളിൽ കുട്ടികൾ ഉള്ളിടത്ത് 2.5 ലക്ഷം രൂപ വരെയും ഒരു വർഷം ചെലവ് വരും. സ്വന്തം നിലയ്ക്ക് ഈ തുക കണ്ടെത്തുന്ന പ്രധാന അധ്യാപകർക്ക് പിന്നീട് കണക്കു നൽകുന്ന മുറക്ക് സർക്കാർ പണം അനുവദിക്കുന്നതായിരുന്നു പതിവ്. എന്നാൽ 2019 മുതൽ ഒരു രൂപ പോലും ഈ ഇനത്തിൽ പ്രധാനധ്യാപകർക്ക് ലഭിച്ചിട്ടില്ല.
ഈ വർഷം അധ്യാപകർ നിസ്സഹകരണത്തിന് ഒരുങ്ങിയതോടെ സ്കൂളുകളുടെ പി ഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ നിർദ്ദേശം വന്നു. എന്നാല് അക്കൗണ്ടിലെ നാമമാത്രമായ തുക ഒരു ദിവസത്തെ പരീക്ഷക്ക് പോലും തികയില്ല എന്നാണ് അധ്യാപകർ പറയുന്നത്. സാമ്പത്തിക ബാധ്യത മാറ്റാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അധ്യാപക സംഘടനയായ കെ പി എസ് ടി എ അറിയിച്ചു.