ഹൈദരാബാദ് ∙ ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു.
ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭർത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം. ചൈതന്യയുടെ മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് സ്ഥലം എംഎൽഎ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.