കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഓൺലൈനായാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായും മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ എൻ ഷംസീറും ഉദ്ഘാടന വേദിയിലും ചടങ്ങിൽ പങ്കെടുക്കും. തലശ്ശേരി ചോനാടത്താണ് ഉദ്ഘാടന വേദി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെ ബിജെപി റോഡ് ഷോ നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കണ്ണൂരിലെ സ്ഥാനാർത്ഥി സി രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
45 മീറ്റർ വീതിയിൽ 18.6 കിലോമീറ്റർ നീളത്തിൽ 1500 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. 20 മിനിറ്റുകൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാം. നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയിൽ താഴെ മാത്രമാണിത്. യാത്രക്കാരെ വലക്കുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.
47 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. 2021ലാണ് പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രളയം, കൊവിഡ് തുടങ്ങിയവ നിർമ്മാണം നീണ്ടു പോകാൻ കാരണമായി.
തലശ്ശേരി-മാഹി ബൈപ്പാസ് യാത്രയ്ക്ക് ടോൾ നിരക്കുകൾ ഇങ്ങനെയാണ്, കാർ, ജീപ്പ് ഉൾപ്പടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്ക് 100 രൂപ. ബസുകൾ 105 രൂപ, ഇരുവശത്തേക്കും 160 രൂപ. രണ്ട് ആക്‌സിൽ വാഹനങ്ങൾ 224, മൂന്ന് ആക്‌സിൽ വാഹനങ്ങൾ 245, ഏഴ് ആക്‌സിൽ വാഹനങ്ങൾ 425 എന്നിങ്ങനെയാണ് ഒരു വശത്തേക്ക് ടോൾ നിരക്ക്.