അമേരിക്കന്‍ കമ്പനികളെ രാജ്യത്തുനിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി സ്വയംപര്യാപ്തത നേടാന്‍ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി അമേരിക്കന്‍ മാധ്യമമായ വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്യുമെന്റ് 79 എന്നും ‘ഡിലീറ്റ് എ’ അഥവാ ഡിലീറ്റ് അമേരിക്ക എന്നും വിളിക്കുന്ന രഹസ്യരേഖകളെ ആസ്പദമാക്കിയാണ് വോള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സമഗ്രമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഇങ്ങനെ:

ഡോക്യുമെന്റ് 79 എന്ന അതീവ രഹസ്യമായ ഉത്തരവാണ് ചൈനീസ് പ്രസിഡന്റ് ഉന്നത ഉദ്യോഗസ്ഥരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും കാണിച്ചത്. ഇതിലെ നിര്‍ദ്ദേശങ്ങള്‍ കോപി എടുത്തു സൂക്ഷിക്കുവാന്‍ പോലും അനുവാദമില്ലായിരുന്നു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും 2027 ഓടുകൂടി അമേരിക്കയില്‍ നിന്നുള്ള സോഫ്റ്റ് വെയറുകളുടെയും കമ്പ്യൂട്ടറുകളുടെയും ഉപയോഗം ഒഴിവാക്കി ചൈനയില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറുകളിലേക്കും സോഫ്റ്റ് വെയറുകളിലേക്കും മാറണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

ഒരുകാലത്ത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു അമേരിക്കന്‍ നിര്‍മ്മിത കമ്പ്യൂട്ടറുകളും അനുബന്ധ സംവിധാനങ്ങളും എന്നാല്‍ ഇപ്പോള്‍ സ്വയംപര്യാപ്തതയുടെ പേരില്‍ ചൈനീസ് ഭരണകൂടം അമേരിക്കന്‍ കമ്പനികളെ അകറ്റി നിര്‍ത്താനാണ് നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ദീര്‍ഘകാല സുരക്ഷയാണ് ഇവര്‍ കാരണമായി പറയുന്നത്.

കമ്പ്യൂട്ടര്‍ ഹാര്‍ഡുവെയര്‍ നിര്‍മ്മാതക്കളായ ഡെല്‍, ഡെല്‍, ഐബിഎം, എച്ച്പി, സിസ്‌കോ സിസ്റ്റംസ് തുടങ്ങിയവയുടെ പ്രോഡക്റ്റുകള്‍ പല ചൈനീസ് സ്ഥാപനങ്ങളും ഒഴിവാക്കി തുടങ്ങിയെന്ന് ഈ കമ്പനികള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ ഈ കമ്പനികളുടെ ചൈനീസ് മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വലിയ ഇടിവുണ്ട്. മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ തുടങ്ങിയ കമ്പനികളും ഈ രംഗത്ത് സ്ഥാനം നഷ്ടപ്പെടുത്തുന്നതായി പറയുന്നുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റ പരിസമാപ്തിയാണ് വരും വര്‍ഷങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെമികണ്ടക്ടര്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ വരെയും കൃഷിമുതല്‍ ഉത്പാദനം വരെയുമുള്ള സകല കാര്യങ്ങളിലും വിദേശ സഹായം ഒഴിവാക്കുകയാണ് ഷി ജിന്‍പിംഗ് ലക്ഷ്യം വെക്കുന്നത്. ഭക്ഷണം, അസംസ്‌കൃത വസ്തുക്കള്‍, ഊര്‍ജം എന്നിവയ്ക്കായി ചൈന പാശ്ചാത്യരെ ആശ്രയിക്കുന്നത് കുറയ്ക്കുക, പകരം ആഭ്യന്തര വിതരണ ശൃംഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇവരുടെ വിശാലമായ തന്ത്രം.

കഴിഞ്ഞ ആറുവര്‍ഷമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാശ്ചാത്യ ബ്രാന്‍ഡുകളില്‍ നിന്ന് ഹാര്‍ഡ്വെയര്‍, ചിപ്സ്, സോഫ്റ്റ്വെയര്‍ എന്നിവ വാങ്ങുന്നതില്‍ കുറവ് വരുത്താന്‍ തുടങ്ങിയിരുന്നു. 2023 ആയപ്പോഴേക്കും പലരും പകരം ചൈനീസ് സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ തേടുകയായിരുന്നു.’

എന്നാല്‍ ചൈനയുടെ ഈ നീക്കത്തെ പ്രതിരോധിക്കാന്‍ സാങ്കേതിക രംഗത്തെ അമേരിക്കന്‍ അപ്രമാദിത്വം സഹായിക്കുമെന്നാണ് അമേരിക്കയിലെ ബിസിനസ്സ് രംഗത്തുള്ളവര്‍ പറയുന്നത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) രംഗത്ത് ചൈനയേക്കാള്‍ പതിന്‍മടങ്ങ് മികച്ചതാണ് അമേരിക്കയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.