Loksabha Election 2024

പത്തനംതിട്ടയില്‍ ‘സ്വപ്‌ന തരംഗം’ തടുക്കാൻ ടി.എന്‍ സീമയേയും ചിന്ത ജെറോമിനെയും ഇറക്കും; സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തന്ത്രങ്ങളുമായി ഐസക്ക്

പത്തനംതിട്ടയിലെ സ്വപ്‌ന തരംഗം മറികടക്കാന്‍ തന്ത്രങ്ങളുമായി തോമസ് ഐസക്ക്. മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്ന സ്വപ്‌നയുടെ വീഡിയോ പത്തനംതിട്ടയില്‍ തരംഗമായതോടെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മറുതന്ത്രം പയറ്റണമെന്നാണ് പിആര്‍ ടീമിന്റെ ഉപദേശം.

സ്ത്രീ വോട്ടര്‍മാരോട് സംസാരിക്കാന്‍ വനിതകള്‍ മാത്രമുള്ള ചെറിയ സ്‌ക്വാഡുകള്‍ വീട് വീടാന്തരം ഇറങ്ങും. ഐസക്കിന്റെ ഗുണഗണങ്ങള്‍ ഇവര്‍ സവിസ്തരം വര്‍ണ്ണിക്കും. അതിനു ശേഷം ഇക്കൂട്ടരുടെ ചെറിയ യോഗങ്ങള്‍ സംഘടിപ്പിക്കും. ഐസക്കിനെ ഈ യോഗങ്ങളില്‍ പങ്കെടുപ്പിക്കും.

ഐസക്കിന്റെ വിശ്വസ്ത സുഹൃത്ത് ടി.എന്‍ സീമക്കാണ് പത്തനംതിട്ടയിലെ സ്ത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള ചുമതല. നവകേരളകര്‍മ്മ സമിതിയുടെ ചെയര്‍പേഴ്‌സണായ ടി.എന്‍. സീമ, ഐസക്കിനു വേണ്ടി പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും.

തോമസ് ഐസക്ക് പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

ടി.എന്‍. സീമയുടെ ടീമില്‍ കൊല്ലത്ത് നിന്ന് ചിന്ത ജെറോമിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.സി. ജോര്‍ജിനെ വെട്ടി അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എത്തിയ അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ തവണ സുരേന്ദ്രന് കിട്ടിയ വോട്ടിന്റെ പകുതി പോലും അനില്‍ ആന്റണിക്ക് ലഭിക്കില്ല. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ബി.ജെ പി നേര്‍ക്കുനേര്‍ പോരാട്ടം എന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അനില്‍ ആന്റണി എത്തിയതോടെ കോണ്‍ഗ്രസ് സി.പി.എം പോരാട്ടം എന്ന നിലയിലായി. ഐസക്കിന്റെ ദൗര്‍ബല്യങ്ങള്‍ എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *