തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നു പത്മജ വേണുഗോപാൽ. പത്മജ വേണുഗോപാൽ തന്തയ്ക്ക് പിറക്കാത്തവളെന്ന് പറയേണ്ടി വരും എന്ന രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തിനെതിരെയാണ് കേസ് കൊടുക്കും എന്ന് പത്മജ വേണുഗോപാൽ പറഞ്ഞിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തി പരസ്യമായി ഞാൻ കരുണാകരന്റെ മകളല്ലെന്നാണു രാഹുൽ പറഞ്ഞത്. അത് എന്റെ അമ്മയെയാണ് അതിലൂടെ അവർ പറഞ്ഞതെന്നും പത്മജ വിശദീകരിച്ചു. ‘‘രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്നു നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണു ജയിലിൽ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്താണെന്നും എനിക്കറിയാം.
അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയിൽ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാൻ. അച്ഛൻ ജയിലിൽ പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. രാജൻ കേസിന്റെ സമയത്ത് ഒളിവിൽ പോയി അച്ഛനെ കണ്ടയാളാണ് ഞാൻ, പേടിക്കില്ല’’–പത്മജ വിശദീകരിച്ചു.
അതേ സമയം കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ പത്മജ തന്തയ്ക്ക് പിറക്കാത്തവളെന്ന പരാമർശം നടത്തിയത്. ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയായിരുന്നു പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ രംഗത്ത് എത്തിയത്. ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്നും രാഹുല്‍ പറഞ്ഞു.
”പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെയധികം വേദനിപ്പിക്കുന്നതാണ്. ഒരിക്കല്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിടുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ അന്ന് പത്മജ പറഞ്ഞത്, എന്റെ അച്ഛനാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത് ഞാന്‍ തന്തയ്ക്ക് പിറന്ന മകളാണെന്നാണ്. ഇന്നു പത്മജയെ കേരളീയ പൊതുസമൂഹം വിശേഷിപ്പിക്കേണ്ടത് തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ എന്നാണ് ചോദിക്കാനുള്ളത്.
കരുണാകരന്റെ മതേതര പാരമ്പര്യത്തെ ചാണക്കുഴിയില്‍ കൊണ്ടുവന്നു തള്ളാന്‍ അദ്ദേഹം എന്തു പാതകമാണ് പത്മജയോട് ചെയ്തത്. ഇനി കരുണാകരന്റെ മോള്‍ എന്നു പറഞ്ഞു നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരന്‍ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ” രാഹുല്‍ പറഞ്ഞു.