കോഴിക്കോട് : എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനും പരസ്യ വിചാരണയ്‌ക്കും ഇരയായ അമലിന്റെ പേരിൽ പോലീസ് കേസെടുത്തു . എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 21ന് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഇയാൾ ഇപ്പോൾ പോലീസിൽ പരാതിപ്പെട്ടത്.
ഫെബ്രുവരി 21ന് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ അമലാണെന്ന തരത്തിലാണ് അനുനാഥ് പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് ആദ്യം നൽകിയ പരാതിയിൽ തന്റെ പേര് വരാതിരുന്നതെന്നായിരുന്നു അമൽ ഉന്നയിക്കുന്ന ചോദ്യം. കേസ് കെട്ടിച്ചമച്ചതാണെന്നും കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അമൽ പറഞ്ഞു.
റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അനുനാഥിന് മർദ്ദനമേറ്റിരുന്നു.തുടർന്ന് അനുനാഥ് പോലീസിനും കോളേജ് അധികൃതർക്കും പരാതി നൽകി. എന്നാൽ അന്ന് നൽകിയ പരാതിയിൽ അമലിന്റെ പേരില്ലായിരുന്നു. മൂന്ന് പേർക്കെതിരെയാണ് അനുനാഥ് പരാതിപ്പെട്ടിരുന്നത്.
ഇതിന് ശേഷം മാർച്ച് 1-നാണ് അമലിനെ അനുനാഥും മറ്റ് എസ്എഫ്‌ഐ പ്രവർത്തകരും ചേർന്ന് മർദ്ദിക്കുന്നത്. അമലിന് മർദ്ദിക്കാൻ മുൻപന്തിയിൽ നിന്നയാളാണ് അനുനാഥ്. തുടർന്ന് അമലിന്റെ പരാതിയിൽ അനുനാഥ് ഉൾപ്പെടെയുള്ളവരെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ഇപ്പോൾ അനുനാഥ് പരാതി നൽകിയിരിക്കുന്നതെന്നാണ് അമൽ പറയുന്നത്.