തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ നിലപാട് കടുപ്പിക്കാൻ സർക്കാർ ജീവനക്കാർ. ഉടനടി ശമ്പള വിതരണം പൂർത്തിയാക്കിയില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കുമെന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാർ മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭ്യമാക്കാൻ ഇന്ന് സുപ്രീം കോടതി ഇടപെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതനുസരിച്ചു ഇന്നത്തോടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമാകണം. എന്നാൽ അതുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ മാസം പകുതിയോടെ മാത്രമേ ശമ്പള വിതരണം പൂർത്തിയാകൂ എന്നതാണ് സ്ഥിതി. ഇത് ബോധ്യമായതോടെയാണ് കൂടുതൽ വകുപ്പുകളിലെ ജീവനക്കാർ നിലപാട് കടുപ്പിക്കുന്നത്. മുഴുവൻ ശമ്പളവും ഉടനടി വിതരണം ചെയ്തില്ലെങ്കിൽ പണിമുടക്ക് പ്രതിഷേധത്തിലേക്ക് കടക്കാനാണ് പലരുടെയും തീരുമാനം.
ഇനിയും ശമ്പളം വൈകിയാൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്സുമാരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച് നിയമസഭാ ജീവനക്കാരും സ്പീക്കർക്ക് കത്ത് നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച 40 ശതമാനം ജീവനക്കാർക്ക് മാത്രമായിരുന്നു ശമ്പളം വിതരണം ചെയ്യാനായത്. ഇന്നലെയും ഭാഗികമായാണ് ശമ്പള വിതരണം നടന്നത്.
അതേസമയം, കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി സംസ്ഥാനം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുക ലഭ്യമാക്കുന്നതിന് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.