News

ബലാത്സംഗ കേസ് റദ്ദാക്കണം, നിവിൻ പോളി ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി നടൻ നിവിൻ പോളി. തനിക്കെതിരായി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന എന്ന കേസിൽ നിർമാതാവ് എകെ സുനിൽ അടക്കം ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്.

ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഘം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൻറെ വിശദാംശങ്ങൾ ലഭിക്കാനായി കാത്തിരിക്കുകയാണ് നിവിൻ.

ആരോപണങ്ങൾ നുണയാണ് എന്നും പരാതിക്കാരിയെ അറിയുക പോലുമില്ലെന്നും നിവിൻ പോളി ഇന്നലെ നടകുത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ച് നടത്തിയ ആരോപണത്തിന് എതിരെ നിയമത്തിൻറെ വഴിയിൽ ഏതറ്റം വരെയും പോരാടുമെന്നും നിവിൻ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. കേസിൻറെ തുടർ നടപടികൾക്കായി കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടികാഴ്ച നടത്തി നിയമോപദേശം തേടി.

താൻ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നു ന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരിയും പ്രതികരിച്ചു. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. നിർമാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല എന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചു.

പൊലീസ് യുവതിയുടെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരുകയാണ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *