കോഴിക്കോട് : സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ നിർണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത് . കഴിഞ്ഞ ദിവസം എസ്എഫ്ഐ വിദ്യാർത്ഥികൾ ആക്രമിച്ച് പരിക്കേൽപ്പിച്ച അമൽ പറയുന്നത് കേട്ടാൽ കണ്ണ് തള്ളും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. എസ്എഫ്ഐയുടെ കോളജ് യൂണിയൻ ചെയർമാൻ ആർ.അഭയ്കൃഷ്ണ കോളജിനു താഴെയുള്ള വീട്ടിലേക്ക് എന്നെ വിളിപ്പിച്ചു. എന്റെ ക്ലാസിലാണു ചെയർമാൻ പഠിക്കുന്നത്. ഞാൻ 3 കൂട്ടുകാരുമായാണ് അവിടേക്കു പോയത്. പാർട്ടിപ്രവർത്തകന്റെ അടഞ്ഞുകിടക്കുന്ന വീടാണ്. അവിടെ വിളിച്ചുവരുത്തിയാണ് എസ്എഫ്ഐ നേതാക്കൾ പലരെയും ചോദ്യം ചെയ്യാറുള്ളത്. അവരെന്നെ മുകളിലെ മുറിയിലേക്കു കൊണ്ടുപോയി.
അവിടെ എസ്എഫ്ഐ നേതാക്കന്മാരും പുറത്തുനിന്നു വന്നവരുമൊക്കെയായി ഇരുപതോളം പേരുണ്ടായിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനാഥിനു കുറച്ചുദിവസം മുൻപ് കോളജ് ക്യാംപസിൽ മർദനമേറ്റിരുന്നു. അത് ആസൂത്രണം ചെയ്തതു ഞാനാണെന്നാണ് ആരോപിച്ചത്.
പക്ഷേ, ഞാൻ ഒന്നും ചെയ്തിട്ടില്ല. അന്നു നൽകിയ പരാതിയിലും എന്റെ പേരില്ല. ഞാൻ ഒന്നും ചെയ്തില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. മൂക്കിലും കണ്ണിന്റെ വശത്തുമൊക്കെയാണ് ഇടിച്ചത്. ഒരാൾ മാത്രമാണു മർദിച്ചത്. ബാക്കിയുള്ളവർ തടഞ്ഞുവച്ച് നോക്കിനിൽക്കുകയായിരുന്നു. തലചുറ്റി ഞാൻ നിലത്തിരുന്നു. കണ്ണു കാണുന്നുണ്ടായിരുന്നില്ല. കൂട്ടുകാർ എന്നെ ബൈക്കിനു പിറകിലിരുത്തി കൊയിലാണ്ടി ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇപ്പോഴും മൂക്കിന്റെ ഇടതുവശം വീങ്ങിയിരിക്കുകയാണ്. ചോര കല്ലിച്ചിട്ടുണ്ട്. പൊട്ടലുണ്ടെന്നു സംശയമുണ്ട്. എംആർഐ സ്കാൻ എടുക്കാൻ പറഞ്ഞിട്ടുണ്ട്. വലതുകണ്ണിൽ ചോരയിറങ്ങി കാഴ്ചയില്ലായിരുന്നു. അതു ശരിയായി വരുന്നു. തലയ്ക്കു വേദനയുമുണ്ട്. ഇതാണ് മാതൃകാ ഭരണം കാഴ്ച്ച വയയ്ക്കുന്ന കുട്ടിസഖാക്കന്മാരുടെ ചെയ്തികൾ. സംഭവം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.