തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഇന്ന് നിശ്ചലമാകും. ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ പിന്തുണ നൽകിയിരിക്കുകയാണ്.
ആക്ഷൻ കൗൺസിൽ നേതാക്കൾ ഇന്ന് 11 മണി മുതൽ അനിശ്ചിതകാല നിരാഹാരം കിടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. ജീവനക്കാരുടെ മുഴുവൻ ബാധിക്കുന്ന വിഷയമായതിനാൽ നിരാഹാര സമര വേദിയിൽ എത്തി ജീവനക്കാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ചീഫ് സെക്രട്ടറി ഉൾപ്പെടെ ഐഎഎസ് ഉദ്യോഗസ്ഥരും ശമ്പളം ലഭിക്കാത്തതിൽ അതൃപ്തരാണ്. ശമ്പളം ഇന്നും ലഭിക്കില്ല എന്നാണ് റിപ്പോർട്ട്. ശമ്പള വിതരണം പൂർത്തിയാക്കാൻ 15ാം തീയതി വരെയെങ്കിലും സമയം എടുക്കുമെന്ന് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മലയാളം മീഡിയയോട് വെളിപ്പെടുത്തിയത്.
കേന്ദ്ര വിഹിതമായി 4000 കോടി കിട്ടിയിട്ടും ശമ്പളം കൊടുക്കാത്ത സർക്കാർ നടപടിയിൽ ജീവനക്കാർ രോഷാകുലരാണ്. 3600 കോടി രൂപ ഓവർ ഡ്രാഫ്റ്റും വെയ്സ് ആൻ്റ് മീൻസ് വായ്പയുമായി എടുക്കാൻ സൗകര്യമുണ്ട്. എന്നിട്ടും ശമ്പളം വൈകുന്നതാണ് ദുരുഹത വർദ്ധിപ്പിക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത മാസവും ശമ്പളം വൈകും എന്നാണ് ലഭിക്കുന്ന സൂചന.
മാസത്തിലെ മൂന്നാം പ്രവൃത്തി ദിവസത്തോടെ ജീവനക്കാർക്കെല്ലാം ശമ്പളം നൽകണമെന്ന് ട്രഷറി കോഡിലുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ശമ്പളവിതരണം മൂന്നാം ദിവസത്തിലേക്കു നീളുന്നത്. അതേസമയം, ശമ്പളം ഭാഗികമായി മാത്രം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.
ശമ്പളമില്ലെങ്കിലും ഇന്ന് വിരുന്ന്
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പ്രതിസന്ധിയിലാണെങ്കിലും ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് ഇന്നു വിരുന്നൊരുക്കുകയാണ് ധനമന്ത്രി കെ.എൻ.. ബാലഗോപാല്‍. 5 ലക്ഷം രൂപയോോളമാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് ഉച്ചവിരുന്ന്. ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ടുള്ളവർക്കാണു ക്ഷണം.