IndiaNews

അന്ന് 93,000 സൈനികരുമായി പാകിസ്താൻ കീഴടങ്ങി; എന്നാൽ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചത് വെടിനിർത്തലില്‍’: എന്തിന് വെടിനിർത്തലിന് സമ്മതിച്ചു?: ചോദ്യങ്ങളുമായി ചിദംബരം

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായിരുന്നെങ്കിലും, നിർണായക ഘട്ടത്തിൽ എന്തിനാണ് സർക്കാർ പാകിസ്താനുമായി വെടിനിർത്തലിന് സമ്മതിച്ചതെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. രാജ്യസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കവെ, ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തെ അഭിനന്ദിച്ച ചിദംബരം, എന്നാൽ സർക്കാരിന്റെ രാഷ്ട്രീയ, നയതന്ത്ര തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ചു.

ഓപ്പറേഷൻ സിന്ദൂർ ശക്തവും വിജയകരവുമായിരുന്നുവെന്ന് താൻ അംഗീകരിക്കുന്നു. എന്നാൽ അത് നിർണായകമായിരുന്നോ എന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “വിജയിച്ചു നിൽക്കുമ്പോൾ എന്തിനാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചത്? അതാണ് പ്രധാന ചോദ്യം,” ചിദംബരം ചോദിച്ചു.

1971-ലെ ഇന്ത്യ-പാക് യുദ്ധത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു. “അതൊരു നിർണായക വിജയമായിരുന്നു. 93,000 സൈനികരുമായി പാക് ജനറൽ നിയാസി ഇന്ത്യൻ ജനറലിന് മുന്നിൽ കീഴടങ്ങി. എന്നാൽ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചത് ഒരു വെടിനിർത്തലിലാണ്. കീഴടങ്ങലും വെടിനിർത്തലും തമ്മിലുള്ള വ്യത്യാസം ഇന്ത്യയിലെ ജനങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഇന്റലിജൻസ് വീഴ്ച പറ്റി

സൈനിക നേതൃത്വം അവരുടെ തന്ത്രപരമായ പിഴവുകൾ പോലും സമ്മതിച്ച് സുതാര്യത കാണിച്ചപ്പോൾ, പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടാകാൻ കാരണമായ സുരക്ഷാ, ഇന്റലിജൻസ് വീഴ്ചകൾ സമ്മതിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചിദംബരം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഭീകരവാദം പാകിസ്താനിൽ നിന്ന് വരുന്നവരെ മാത്രം ആശ്രയിച്ചല്ലെന്നും, ഇവിടെത്തന്നെ വളർന്നുവരുന്ന “നാടൻ ഭീകരവാദികളെയും” (home-grown terrorists) സർക്കാർ കാണാതെ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2006-ലെ മുംബൈ ട്രെയിൻ സ്ഫോടനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രംപിന്റെ അവകാശവാദവും വിദേശനയവും

ഇന്ത്യ-പാക് യുദ്ധം താൻ ഇടപെട്ട് നിർത്തിവെച്ചുവെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ പ്രധാനമന്ത്രി പരസ്യമായി തള്ളിപ്പറയണമായിരുന്നുവെന്നും ചിദംബരം ആവശ്യപ്പെട്ടു. “അമേരിക്കയോടുള്ള സർക്കാരിന്റെ വിധേയത്വത്തിന്റെ ഭാഗമാണിത്. ഇന്ത്യക്കാർക്കെതിരെ അമേരിക്ക ഉയർന്ന താരിഫ് ചുമത്തിയപ്പോഴും, പാകിസ്താന് ഐ.എം.എഫ്. വായ്പയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോഴും സർക്കാർ നിശബ്ദമായിരുന്നു,” അദ്ദേഹം വിമർശിച്ചു.