
അഭിഭാഷകനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി എസ് അനിൽകുമാറിനെയാണ് ഇന്നു പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടൂറിസം വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനിൽ. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
മരിക്കുന്നതിനു മുൻപ് അനിൽ തന്റെ ആത്മഹത്യാക്കുറിപ്പ് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു. സഹപ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ അനിലിനെ കണ്ടെത്തിയത്.
ജൂനിയർ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് അനിലിന്റെ കുറിപ്പിലുള്ളത്. ‘‘ഒരേ ഓഫീസിലെ രണ്ട് ജൂനിയർ അഡ്വക്കറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണ്. അർധരാത്രി ഇവർ ആൾക്കാരെ കൂട്ടി എന്റെ വീട്ടിൽ വന്ന് അട്ടഹസിച്ചു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. മറ്റൊരാൾക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസേജെന്നും’’ ആത്മഹത്യ കുറിപ്പിൽ പറയുന്നു. രണ്ട് ജൂനിയർ അഭിഭാഷകരുടെ പേരും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.