തിരുവനന്തപുരം: സംസ്ഥാനഞ്ഞെ ജി.എസ്.ടി വരുമാന വളര്‍ച്ച പരിതാപകരം! ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ജി.എസ്.ടി നടപ്പിലാക്കുന്നതോടെ നികുതി വരുമാന വളര്‍ച്ച 30 ശതമാനത്തിന് മുകളില്‍ എത്തുമെന്ന് ബഡായി പറഞ്ഞ് ജി.എസ്.ടി നിയമത്തെ സ്വാഗതം ചെയ്ത ഐസക്കിന്റെ കണക്ക് കൂട്ടലുകള്‍ മുഴുവന്‍ തെറ്റിയ കാഴ്ചയായിരുന്നു 2017 മുതല്‍ 2021 വരെ നമ്മള്‍ കണ്ടത് 2017 മുതല്‍ 2021 വരെ ശരാശരി നികുതി വളര്‍ച്ച 4 ശതമാനം മാത്രമായിരുന്നു. (Kerala GST Growth Rate)

2022 ജൂണ്‍ 30 വരെ റവന്യു ന്യൂട്രല്‍ റേറ്റായ 14 ശതമാനത്തില്‍ താഴെ വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കോമ്പന്‍സേഷന്‍ നല്‍കി വന്നിരുന്നതിനാല്‍ വലിയ അല്ലലില്ലാതെ തട്ടീം മുട്ടീം സര്‍ക്കാര്‍ മുന്നോട്ട് പോയി. എന്നാല്‍ കോമ്പന്‍സേഷന്‍ നിലച്ചതോടെ കാര്യങ്ങള്‍ അവതാളത്തിലാവുകയും ശമ്പളം പോലും നല്‍കുവാന്‍ കഴിയാത്ത അവസ്ഥയിലും എത്തി നില്‍ക്കുന്നു.

2021 ന് ശേഷവും ശരാശരി ജി.എസ്.ടി വരുമാന വര്‍ദ്ധനവ് 10% ല്‍ താഴെ മാത്രമാണ് കഴിഞ്ഞ മാസത്തെ വര്‍ദ്ധനവും കേവലം 16% മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. എന്ത് കൊണ്ടാണ് ജി.എസ്.ടിയില്‍ വന്‍ നേട്ടം കൊയ്യേണ്ട സംസ്ഥാനം നികുതി പിരിക്കുന്നതില്‍ ഇത്ര ദയനീയമായി പരാജയപ്പെട്ടത് എന്നത് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും പരിശോധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രതിപക്ഷം നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് സര്‍ക്കാര്‍ ഇന്നനുഭവിക്കുന്ന ദയരവസ്ഥയുടെ പ്രധാന കാരണം.

സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനത്തോളം പ്രതിനിധീകരിക്കുന്ന ജി.എസ്.ടി വകുപ്പില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സ്ഥലംമാറ്റ കച്ചവടങ്ങളും മൂലം നികുതി പിരിവ് കാര്യക്ഷമമല്ലാതായിട്ട് 7 വര്‍ഷത്തോളമായി.

കൃത്യമായ ആസൂത്രണവും യഥാസമയത്ത് ജി.എസ്.ടിക്ക് അനുരോധമായി വകുപ്പ് പുനസംഘടന ഫലപ്രദമായി നടത്താത്തതുമാണ് ഈ ദുരവസ്ഥയുടെ അടിസ്ഥാന കാരണം.

ജി.എസ്.ടിയുടെ നട്ടെല്ലാവേണ്ട ഇന്റലിജന്‍സ് വിഭാഗത്തില്‍ ഭരണവിലാസം സംഘടനക്കാരേയും അഴിമതിക്കാരേയും തിരുകിക്കയറ്റി വലിയ കേസുകളില്‍ വന്‍ തുക കൈക്കൂലി ആയി വാങ്ങി ഒരു പങ്ക് രാഷ്ട്രീയ നേതൃത്വത്തിനും നല്‍കി ഒത്ത് തീര്‍പ്പില്‍ എത്തി ചേരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ എണ്ണം കുറച്ചത് മൂലം സംസ്ഥാനത്ത് ബില്ലില്ലാതെ നികുതി വിധേയമല്ലാത്ത സമാന്തര സമ്പദ്‌വ്യവസ്ഥ രൂപപ്പെട്ട് നികുതി വെട്ടിപ്പുകാരുടെ പറുദീസ ആയി കേരളം മാറി. നിയമപ്രകാരം പിരിച്ചെടുക്കേണ്ട നികുതി പിരിക്കാതെ സര്‍ക്കാര്‍ പരുപാടികള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതാണ് ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥന്റെ പ്രധാന ജോലി.

കേരളീയത്തിന്റെ കണക്കില്ലാത്ത പിരിവ് പോലെ തന്നെ നവകേരള സദസ്സിനും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കും വ്യാപകമായി പിരിവ് നടത്തി. പിരിച്ചതിനോ ചിലവഴിച്ചതിനോ കൃത്യമായ കണക്കില്ല. സംസ്ഥാനത്ത് 2016 ല്‍ 26 ബാര്‍ ഹോട്ടലിന്റെ സ്ഥാനത്ത് ഇന്ന് 801 ബാര്‍ ഹോട്ടല്‍ ഉണ്ടായിട്ടും മദ്യത്തിന്റെ വില ക്രമാതീതമായി ഉയര്‍ന്നിട്ടും പിരിച്ചെടുക്കുന്ന നികുതി 2015 ല്‍ ലഭിച്ചതിനേക്കാള്‍ കുറവ്.

പ്രതിവര്‍ഷം 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടുന്നത് 500 കോടി മാത്രം 2017 ന് ശേഷം ബാര്‍ ഹോട്ടലുകളിലെ ജി.എസ്.ടി വകുപ്പിന്റെ പരിശോധന പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്.