ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ട് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് മാത്രമല്ല ഞങ്ങൾക്കും പ്രശ്നം മരപ്പട്ടി തന്നെ. തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും ഉണ്ട്. പുലർച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം ഉണർന്നു. ഒന്നിലധികം മരപ്പട്ടിയുണ്ട്’’–വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഐഎഎസുകാരുടെ ക്വാർട്ടേഴ്സ് നിർമാണ പദ്ധതിക്ക് തുടക്കം കുറിക്കേ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചതിന് പിന്നലെ വിഷയത്തിൽ വലിയ ചർച്ച തന്നെ ഉണ്ടായിരിക്കുകയാണ്.

മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നു വയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി മന്ദിരങ്ങളുടെ പഴക്കം കാരണമാണു മരപ്പട്ടിയും കീരിയും എലിയുമെല്ലാം ചേക്കേറുന്നത്. രാജ്ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറച്ചുകാലം മാറി താമസിച്ചിരുന്നു.

അതേ സമയം ക്ലിഫ് ഹൗസില്‍ മരപ്പട്ടി ശല്യമെന്ന് പിണറായി വിജയന്‍റെ വെളിപ്പെടുത്തുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ 48.91 ലക്ഷത്തിന്‍റെ ഭരണാനുമതി നല്‍കിയെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഭരണാനുമതി ലഭിച്ച് എപ്പോള്‍ വേണമെങ്കിലും തുക അനുവദിക്കാവുന്ന ഘട്ടത്തിലാണ് ക്ലിഫ് ഹൗസിലെ ശോച്യാവസ്ഥയും തന്റെ നിസഹായാവസ്ഥയും മുഖ്യമന്ത്രി പൊതുവേദിയില്‍ തുറന്നു പറഞ്ഞത്.

പണം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിരോധമായും ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്. ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്. ചീഫ് എന്‍ജിനീയര്‍ നല്‍കിയ പ്രൊപ്പോസല്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments