ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വൻ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റിൽ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. പരിക്കേറ്റ നാൽപ്പതോളം പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലവും ധാക്ക മെഡിക്കൽ കോളേജും സന്ദർശിച്ച ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ 43 പേരുടെ മരണം സ്ഥിരീകരിച്ചു. ധാക്കയിലെ പ്രമുഖ ബിരിയാണി റസ്റ്റോറന്റിലാണ് തീപിടിത്തം ഉണ്ടായതെന്നും ഉടൻ മുകൾ നിലയിലേക്ക് പടരുകയായിരുന്നുവെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് മണിക്കൂറിനകം തീ അണച്ചു. 67 പേരെ റസ്റ്റോറന്റിൽ നിന്നും രക്ഷിച്ചു.
റസോറ്റോറന്റുകളും ടെക്‌സറ്റൈൽസും മൊബൈൽ ഫോൺ കടകളുമാണം തീപിടിത്തം നടന്ന പ്രദേശത്തുള്ളത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. മരിച്ചവരിൽ 33 പേർ ഡിഎംസിഎച്ചിലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു.