പാകിസ്ഥാനിൽ നിന്നുള്ള എയർഹോസ്റ്റസുമാരെ കാനഡയിൽ കാണാതായതായി റിപ്പോർട്ട്. ഇവരെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്. ഓരോ വർഷവും ശരാശരി അഞ്ച് പാകിസ്ഥാനി ഫ്ലൈറ്റ് അറ്റൻഡൻ്റുകളെയാണ് കാനഡയിലെത്തിയ ശേഷം കാണാതാകുന്നത്
“നന്ദി, പിഐഎ (പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ്)” എന്ന കുറിപ്പ് കാനഡിയിലെ ടൊറൻ്റോയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് തിരച്ചിലിന് ശേഷം അധികൃതർ കണ്ടെത്തി. ഇതുപോലെയുള്ള ഒരു അഭിനന്ദന കുറിപ്പ് ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റ് സുഖപ്രദവുമായ ഫ്ലൈറ്റ് യാത്രക്ക് ശേഷം യാത്രക്കാരനിൽ നിന്നും പ്രതീക്ഷിക്കുന്നതാണ്. പക്ഷേ ഇവിടെ ‘നന്ദി, പിഐഎ’ എന്ന കുറിപ്പ് യഥാർത്ഥത്തിൽ എഴുതിയത് ഒരു എയർ ഹോസ്റ്റസ് ആണ്, അല്ലാതെ സംതൃപ്തനായ ഒരു യാത്രക്കാരൻ അല്ല.
തിങ്കളാഴ്ച (ഫെബ്രുവരി 26) ഇസ്ലാമാബാദിൽ നിന്നുള്ള വിമാനത്തിൽ ടൊറൻ്റോയിൽ വന്നിറങ്ങിയ പിഐഎയിൽ ജോലി ചെയ്തിരുന്ന മറിയം റാസയുടേതായിരുന്നു ഈ കുറിപ്പ്. ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്കുള്ള മടക്ക വിമാനത്തിൽ ഇവർ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ല.
മറിയത്തെ അന്വേഷിക്കുന്ന അധികൃതർ അവളുടെ ഹോട്ടൽ മുറി തുറന്നപ്പോൾ, ‘നന്ദി, പിഐഎ’ എന്ന കുറിപ്പിനൊപ്പം അവളുടെ പിഐഎ യൂണിഫോമും കണ്ടതായി ഡോൺ റിപ്പോർട്ട് ചെയ്തു.