തിരുവനന്തപുരം : സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .‘‘വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ടു വച്ചുവെന്ന് വിചാരിക്കുക. കുറച്ചു കഴിയുമ്പോൾ അതിന്റെ മേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടി മൂത്രം വീഴുമെന്നതിനാൽ വെള്ളം അടച്ചു തന്നെ വച്ചിരിക്കുകയാണ്.
മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങൾ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം’’– മുഖ്യമന്ത്രി പിണറായി വിജന്റെ സങ്കടകഥായാണ് ഇപ്പോൾ ജനം ഏറ്റെടുത്തിരിക്കുന്നത്.
കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള ഓഫിസേഴ്സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്തായാലും ഇത്തരത്തിൽ മുഖ്യൻ പ്രസംഗിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പിണറായി സർക്കാരിന് പൊങ്കാലയാണ്.
സാമ്പത്തിക പ്രതിസന്ധിയെ പോലും കണക്കിലെടുക്കാതെ കോടികൾ തന്റെ ആഡംബരത്തിന് വേണ്ടി പൊതു ഖജനാവിൽ നിന്ന് വകയിരുത്തുന്ന മുഖ്യമന്ത്രി പിണറായി വിജൻ താമസിക്കുന്നത് അതിമോശം സാഹചര്യത്തിലോ എന്നാണ് ചിലർ ചോദിക്കുന്നത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് കെട്ടാൻ 40 ലക്ഷത്തോളം, ഒരു കർട്ടൻ വാങ്ങാൻ 7 ലക്ഷം വകയിരുത്തിയ സർക്കാർ ഇനി ഇതിന്റെ പേരിലും ഫണ്ട് മുക്കുമെന്നാണ് മറ്റ് ചില കമന്റ്.