കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാൾ കേസിൽ പ്രതിയായി എന്നതുകൊണ്ട് സാമൂഹികമായി ബഹിഷ്‌കരിക്കേണ്ട കാര്യമില്ല. അയാളുടെ കുടുംബത്തിലെ മുഴുവനാളുകളും കേസിൽ പ്രതികളല്ല. വിവാഹം, മരണം പോലുള്ള അവസരങ്ങളിൽ പരസ്പരം പങ്കെടുക്കുന്നത് മാനുഷിക പരിഗണനയുടെ പേരിലാണെന്നും ജയരാജൻ പറഞ്ഞു.
രാഷ്ട്രീയ വിരോധംകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളിൽ മാറിനിൽക്കാറില്ല. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും വിലകൽപ്പിക്കുന്നവരാണ് സി.പി.എമ്മുകാർ. ഷംസീറിന് ജാഗ്രതക്കുറവുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞപ്പോൾ തന്റെ കൂടെയുണ്ടായിരുന്ന കളവ് കേസ് പ്രതികളെ നന്നാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.